സതീഷ് കുമാർ വിശാഖപട്ടണം
1955 -ലാണ് പി സുബ്രഹ്മണ്യം നിർമ്മിച്ച് തിക്കുറിശ്ശി നായകനായി അഭിനയിച്ച “ഹരിശ്ചന്ദ്ര “എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമായിരുന്നു കമുകറ പുരുഷോത്തമൻ പാടിയ “ആത്മവിദ്യാലയമേ…..” എന്ന തത്ത്വചിന്താപരമായ ഗാനം .
68 വർഷങ്ങൾ കഴിഞ്ഞിട്ടും മലയാള ചലച്ചിത്രസംഗീതലോകത്ത് ആത്മവിദ്യാലയം ഒരു കെടാവിളക്ക് പോലെ നിറഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. തിരുനയിനാർകുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ സംഗീതം പകർന്ന ഈ ഗാനം കമുകറ പുരുഷോത്തമൻ എന്ന ഗായകന്റെ മാസ്റ്റർപീസ് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. പല ഗാനമേളകളിലും ശ്രോതാക്കളുടെ ആവശ്യപ്രകാരം ആത്മവിദ്യാലയം രണ്ടും മൂന്നും തവണ അദ്ദേഹത്തിനു തന്നെ പാടേണ്ടി വന്നിട്ടുണ്ടത്രെ!അതിൽനിന്നും ഈ അനശ്വരഗാനം ശ്രോതാക്കളിൽ ഉണ്ടാക്കിയ സ്വാധീനം എത്രമാത്രമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ !
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ ജനിച്ച കമുകറ പുരുഷോത്തമൻ സംഗീതക്കച്ചേരികളിലൂടേയും ആകാശവാണിയിലെ സംഗീത പരിപാടികളിലൂടേയും പ്രശസ്തനായതിനുശേഷമാണ് 1953 -ൽ നീലാ പ്രൊഡക്ഷൻസിന്റെ “പൊൻകതിർ ” എന്ന ചലച്ചിത്രത്തിലൂടെ സംഗീത രംഗത്ത് എത്തുന്നത്. ആത്മവിദ്യാലയം പോലെ തന്നെ കമുകറക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തതാണ്
” ഭക്തകുചേല ” എന്ന ചിത്രത്തിലെ “ഈശ്വരചിന്തയിതൊന്നേ
മനുജനു ശ്വാശ്വതമീയുലകിൽ….” എന്ന ഗാനവും…
നൂറ്റമ്പതിലേറെ ഗാനങ്ങൾ ആലപിച്ച കമുകറയുടെ പ്രശസ്ത ഗാനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും …
“ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നിൻ തോണി…(സുശീലയോടൊപ്പം പട്ടുതൂവാല )
“മിണ്ടാത്തതെന്താണ് തത്തേ…
( ജ്ഞാനസുന്ദരി )
“മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു …. (തറവാട്ടമ്മ )
“പഞ്ചവർണ്ണ തത്ത പോലെ കൊഞ്ചി വന്ന പെണ്ണേ …. (യേശുദാസിനൊപ്പം കറുത്ത കൈ )
“തുമ്പപ്പൂ പെയ്യണ പൂനിലാവേ ….
( കെ പി എ സി സുലോചനയോടൊപ്പം രണ്ടിടങ്ങഴി )
“ഏകാന്തതയുടെ അപാരതീരം …. (ഭാർഗ്ഗവീനിലയം ….)
“സംഗീതമീ ജീവിതം …..
( ശാന്താ പി നായരോടൊപ്പം ജയിൽപ്പുള്ളി )
” ഗംഗാ യമുനാ
സംഗമ സമതലഭൂമി …
( ഹോട്ടൽ ഹൈറേഞ്ച്)
എന്നീ ഗാനങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്ന ലയമാധുര്യം ഒന്നു വേറെ തന്നെയാണ്.
1930 ഡിസംബർ 4-ന് തിരുവട്ടാറിൽ ജനിച്ച കമുകറ പുരുഷോത്തമന്റെ ജന്മവാർഷിക ദിനമാണിന്ന്. ആർക്കും പെട്ടെന്ന് അനുകരിക്കാനാവാത്ത സാത്വികമായ ആലാപനശൈലി കൊണ്ട് ജീവിതം തന്നെ സംഗീതമാക്കിയ ഈ മഹാഗായകൻ തന്റെ പ്രിയ ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്നു. ….
——————————————————————————-
( സതീഷ് കുമാർ 9030758774 )
——————————————————————-
Post Views: 649