February 22, 2025 4:30 am

സാമ്യമകന്നോരുദ്യാനം …..

സതീഷ് കുമാർ വിശാഖപട്ടണം
ഴയ കാലത്ത് റേഡിയോവിലൂടെ  ഒഴുകി വന്നിരുന്ന ചലച്ചിത്രഗാനങ്ങളായിരുന്നു സാധാരണ ജനങ്ങളുടെ വിശ്രമ വിനോദവേളകളെ ഉല്ലാസഭരിതമാക്കിയിരുന്നത്.അതിൽ തന്നെ ഞായറാഴ്ചകളിൽ “രഞ്ജിനി  – നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ “
 എന്നൊരു പരിപാടി കുടുംബ സദസ്സുകൾക്ക് ഏറെ പ്രിയങ്കരമായിരുന്നു .ആ പരിപാടി ശ്രദ്ധിച്ചു കേട്ടിരുന്ന പല ശ്രോതാക്കൾക്കുമറിയാം ചില ഗാനങ്ങൾ ഒരൊറ്റ ആഴ്ച പോലും മുടങ്ങാതെ സ്ഥിരമായി ശ്രോതാക്കൾ ആവശ്യപ്പെടുമായിരുന്നു .
Karutha Sooryanudichu - Devi (1972)
 ജനപ്രീതിയിൽ മുന്നിൽ നിന്നിരുന്ന അത്തരമൊരു  ഗാനമാണ് എഴുപതുകളിൽ പ്രദർശനത്തിനെത്തിയ “ദേവി ” എന്ന ചിത്രത്തിലെ
 “സാമ്യമകന്നോരുദ്യാനമേ
കല്പകോദ്യാനമേ
നിന്റെ കഥകളിമുദ്രയാം 
കമലദളത്തിലെൻ
ദേവിയുണ്ടോ ദേവീ….” 
https://youtu.be/c4dsEYjzgcs?t=8
എന്ന വയലാർ ഗീതിക. വയലാറിന്റെ കനകത്തൂലികയിൽ നിന്നും ഉതിർന്നു വീണ കാവ്യസുഗന്ധം പരത്തുന്ന വരികൾ .
Samyamakannorudhyaaname... - YouTube
“സാമ്യമകന്നോരുദ്യാനം ” എന്ന വാക്ക് യഥാർത്ഥത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിൽ നിന്ന് എടുത്തതാണ്. വയലാർ അത് സമഞ്ജസമായി ഈ ഗാനത്തിൽ ഉപയോഗിച്ചു എന്നതാണ് സത്യം.
ഗാനത്തിന്റെ ആത്മാവറിഞ്ഞു കൊണ്ട് ദേവരാജൻ മാസ്റ്റർ നൽകിയ അസുലഭ സംഗീതത്താലും
ഗാനഗന്ധർവ്വന്റെ കാമുക ഹൃദയങ്ങളെ തൊട്ടുണർത്തുന്ന വശ്യമായ ആലാപനത്താലും
ഇന്നും ഈ ഗാനം കേൾക്കുമ്പോൾ സംഗീതപ്രണയികൾ പരിസരം മറന്ന് അതിൽ ലയിച്ചിരുന്നുപോകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല .
1972 ഫെബ്രുവരി ആദ്യവാരം പ്രദർശനത്തിനെത്തിയ “ദേവി ” എന്ന ചിത്രത്തിലെ ഈ  പ്രശസ്ത ഗാനത്തിന്  53 വയസ്സ് പൂർത്തിയായിരിക്കുകയാണ്
മലയാളത്തിലെ മികച്ച നോവലുകൾക്ക് ചലച്ചിത്രാവിഷ്ക്കാരം നൽകിയിട്ടുള്ള മഞ്ഞിലാസിന്റെ
 എം. ഒ. ജോസഫായിരുന്നു  “ദേവി ” എന്ന ചിത്രം നിർമ്മിച്ചത്  .
കെ. സുരേന്ദ്രന്റെ ഈ  വിഖ്യാതനോവലിന്  കെ എസ് സേതുമാധവൻ അഭ്രപാളിയിൽ സാക്ഷാത്കാരം നൽകി.
പ്രേംനസീർ  , ഷീല ,മധു , ശങ്കരാടി , സുജാത , റാണിചന്ദ്ര തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ഈ സിനിമയിലെ മറ്റു ഗാനങ്ങൾ :
“പുനർജന്മം ഇതു പുനർജന്മം … “
 ( ജയചന്ദ്രൻ ,മാധുരി ) 
https://youtu.be/SXuehWWCfCY?t=5
“ചന്ദ്രകിരണം ചാലിച്ചെടുത്തൊരു  സ്വർണ്ണതിലകം ചാർത്തി …. “
(പി സുശീല ) 
“കറുത്ത സൂര്യനുദിച്ചു ……”
 (യേശുദാസ്)
എന്നിവയായിരുന്നു. “ദേവി ” എന്ന ചിത്രമിറങ്ങി അരനൂറ്റാണ്ടുകാലമായിട്ടും ഇതിലെ ഗാനങ്ങൾക്ക് ഇന്നും നിത്യ യൗവ്വനമാണ്.
Devi | Punarjanmam Ithu song - YouTube
————————————————————————-

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News