March 10, 2025 9:34 pm

കുടിക്കാത്ത, പുകയ്ക്കാത്ത കിണാശേരി

ക്ഷത്രിയൻ. 

ഗോവിന്ദൻ മാഷ് കുട്ടികളെ പഠിപ്പിച്ചിട്ടില്ലെങ്കിലും എല്ലാവരും അദ്ദേഹത്തെ മാഷ് എന്നാണ് വിളിക്കാറ് എന്ന പരസ്യമുണ്ട് ചാനലുകളിൽ. അത് നമ്മുടെ എം.വി.ഗോവിന്ദനെ ഉദ്ദേശിച്ചുള്ളതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാൻ വയ്യ.

നമ്മുടെ ഗോവിന്ദൻ മാഷും കുട്ടികളെ പഠിപ്പിച്ചതായി രേഖയില്ല. അതേസമയം കുട്ടികളെ ഓട്ടവും ചാട്ടവുമൊക്കെ പരിശീലിപ്പിച്ചിട്ടുണ്ട് ഈ മാഷ്. പഠിപ്പിക്കലും പരിശീലിപ്പിക്കലും രണ്ടാണെന്ന വ്യാഖ്യാനത്തിലൂടെ മാഷ് കുട്ടികളെ പഠിപ്പിച്ച മാഷാണെന്ന് ആരും തെറ്റിദ്ധരിക്കയുമരുത്.

കുട്ടികളെ പഠിപ്പിച്ചിട്ടില്ലെങ്കിലും പാർട്ടി സഖാക്കളെ പഠിപ്പിക്കുന്നതിൽ മാഷിനുള്ള സ്ഥാനം അദ്വിതീയമാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് കഴിഞ്ഞാൽ സഖാക്കൾക്ക് പാർട്ടി ക്ലാസ് നടത്തിയവരിൽ ഒന്നാംസ്ഥാനം ഗോവിന്ദൻ മാഷിനാണെന്നാണ് സഖാക്കൾ പലരും പറയുന്നത്. ഇടക്കെപ്പോഴോ ആ സ്ഥാനത്തിന് വേണ്ടി കുണ്ടറ കാസ്ട്രോ അൽപമൊന്ന് ശ്രമിച്ചിരുന്നുവെങ്കിലും വേണ്ടത്രയങ്ങ് ലക്ഷ്യം കണ്ടിട്ടില്ല.

ക്ലാസെടുത്ത് ക്ലാസെടുത്ത് സഖാക്കളെ ഒരു പരുവത്തിലാക്കിയ മാഷിപ്പോൾ പുതിയ പ്രഖ്യാപനവുമായി വന്നിരിക്കയാണ്. മദ്യപിക്കുന്നവർക്കും സിഗററ്റ് വലിക്കുന്നവർക്കും പാർട്ടിയിൽ സ്ഥാനമുണ്ടായിരിക്കല്ലത്രെ. പാർട്ടിയുടെ പ്രഖ്യാപിത് നിലപാടാണ് അതെന്നും ഗോവിന്ദൻ മാഷ് സാക്ഷ്യപ്പെടുത്തുന്നു.

ഏത് പാർട്ടിയെക്കുറിച്ചാണ് മാഷ് ഇപ്പറയുന്നതെന്ന് ചിലർക്കെങ്കിലും സംശയമുദിച്ചേക്കാം. കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ടെന്ന് കണ്ണുപൊട്ടന്മാർ വരെ തലകുലുക്കി സമ്മതിക്കുമെങ്കിലും കാൾ മാർക്സും സ്റ്റാലിനും ചെഗുവേരയും കാസ്ട്രോയുമൊക്കെത്തന്നെയല്ലേ മാഷിൻറെ കൺകണ്ട ദൈവങ്ങൾ.

മദ്യസേവ അത്യാവശ്യത്തിനുണ്ടായിരുന്ന മാർക്സ് ആശാനും വോഡ്ക് വീശിയിരുന്ന സ്റ്റാലിനും ‘ആത്മാവ് പുകയിക്കുന്നതിൽ’ ആനന്ദം കണ്ടെത്തിയിരുന്ന ചെയും ചുരുട്ടിൻറെ പര്യായം തന്നെയായി മാറിയ കാസ്ട്രോയുമൊക്കെ ഗോവിന്ദൻ മാഷിൻറെ പ്രഖ്യാപനം കേട്ട് പരലോകത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാകും.

ഒരർഥത്തിൽ ഗോവിന്ദൻ പറഞ്ഞതിൽ തെറ്റ് കാണാനും വയ്യ. മദ്യപിക്കുന്നവർക്ക് അംഗത്വം നൽകില്ല എന്നാണ് ഗോവിന്ദമൊഴി. മദ്യമെന്നാൽ എന്താണെന്ന് നിർവചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഗോവിന്ദമൊഴി അസ്ഥാനത്താകുന്നുമില്ല. ബവ്റജിലോ ബാറിലോ അതുമല്ലെങ്കിൽ കള്ളുഷാപ്പിൽ തന്നെയോ പോയി ഒരു ഗ്ലാസ് മദ്യം വേണമെന്ന് പറഞ്ഞാൽ കിട്ടിയെന്ന് വരില്ല.

വയനാട്ടിൽ പോയി വയനാട് എവിടെയെന്ന അന്വേഷിച്ചാൽ കണ്ടെത്താൻ സാധിക്കില്ല എന്നത് പോലെയാണ് കാര്യം. പെഗ്ഗും പെയിൻറും ലാർജുമൊക്കെയായി ബ്രാൻഡിയും ബിയറും റമ്മും വോഡ്കയും തുടങ്ങി ജവാനും ജിന്നുമൊക്കെ കിട്ടിയെന്നിരിക്കും. നാടൻ കള്ളുഷാപ്പിലാണെങ്കിൽ കുപ്പിക്കണക്കിന് കള്ളും കിട്ടും. ഇനി ഒളിച്ചുകുടിയാണെങ്കിൽ ആനമയക്കിതൊട്ട് പലതും ലഭ്യമാകും.

എന്നാലും ഒരിടത്തും മദ്യം എന്ന പേരിൽ ഒരിറ്റുപോലും കിട്ടില്ല. കിട്ടാത്ത മദ്യം കുടിച്ചുവെന്ന പേരിൽ ഒരാൾക്കും പാർട്ടി അംഗത്വം നിഷേധിക്കേണ്ടിവരില്ല എന്ന ഉറപ്പാണ് ഗോവിന്ദമൊഴിയുടെ പൊരുൾ. അതല്ലാതെ മുക്കിന് മുക്കിന് മദ്യഷാപ്പുകൾ തുറക്കുന്ന ഭരണത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന പാർട്ടിയിലെ അംഗങ്ങൾ സുരപാനമില്ലാത്തവരായി കഴിയുമെന്ന് ഗോവിന്ദൻ പറഞ്ഞാൽ വിശ്വസിക്കാൻ ഇ.പി.ജയരാജനെ പോലും കിട്ടില്ല

. താത്വികാവലോകനമാണ് ഗോവിന്ദൻറെ സബ്ജക്റ്റ്. എന്നാൽ പ്രായോഗികതയാണ് കരണീയമെന്ന് വെളിപ്പെടുത്തിയ ആളാണ് ജയരാജൻ. കട്ടൻ ചായയും പരിപ്പുവടയും വിട്ടുപിടിക്കണമെന്ന് പറഞ്ഞതുപോലെ സുതാര്യമായാണ് ആശാൻ നാടൻ കള്ള് ഉത്തമപാനീയമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടത്. സർബത്ത് കടയിൽച്ചെന്ന് നാരങ്ങവെള്ളവും സർബത്തും വിവിധയിനം ഷേഖുകളും കഴിക്കുന്ന ലാഘവത്തോടെ കള്ളുഷാപ്പിൽ ചെന്ന് ആണും പെണ്ണും മടിയേതുമില്ലാതെ കള്ള് മോന്തുന്ന കാലം സ്വപ്നം കാണുന്നയാളാണ് ജയരാജൻ.

ഇനിയിപ്പോൾ ജയരാജനെ തുണച്ച് കള്ള് മോന്തണോ ഗോവിന്ദനെ തുണച്ച് മോന്താതിരിക്കണമോയെന്ന ചർച്ചയ്ക്ക് സ്കോപ്പുണ്ട്. മദ്യത്തിനൊപ്പം വിലക്കപ്പെട്ട കനിയായി സിഗററ്റ് കൂടി ഉൾപ്പെടുത്തിയതിലെ യുക്തിയാണ് യുക്തി. ഗോവിന്ദൻ പറഞ്ഞത് കേട്ടാൽ തോന്നുക പുകവലി പാടില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞുവെന്നാണ്. ഒരിക്കലും അതങ്ങനെ അല്ലേയല്ല.

സിഗററ്റ് വലിക്കാൻ പാടില്ലെന്നാണ് ഗോവിന്ദൻ പറഞ്ഞിട്ടുള്ളത്. സിഗററ്റ് എന്നാൽ ബൂർഷ്വാ അടയാളമാണ്. അതാണ് സിഗററ്റ് വിരോധത്തിന് കാരണം. അതേസമയം ബീഡി വലിക്കുന്നതിൽ തെറ്റൊന്നുമില്ല. പണ്ട് കർണാടക്കാരൻ ഗണേശ് ബീഡിയിലൂടെ ലക്ഷങ്ങൾ കൊയ്തപ്പോൾ അതിന് അറുതിവരുത്താൻ ദിനേശ് ബീഡി തുടങ്ങിയ പാർട്ടിയാണ്.

ഇ.കെ.നായനാരുടെ മടിക്കുത്തിൽ ബീഡി ഒഴിഞ്ഞ കാലമൂണ്ടായിട്ടില്ലെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. അതിനാൽ സിഗററ്റ് വിരോധം തത്വാധിഷ്ഠിത ചിന്തയായി മനസിലാക്കി ബീഡിയുടെ പ്രചാരണത്തിനുള്ള ഉപാധിയായി കണക്കാക്കാൻ സഖാക്കൾക്ക് പ്രയാസം ഉണ്ടാകേണ്ടതില്ല. മദ്യപാനമില്ലാത്ത, പുകവലിയില്ലാത്ത കിണാശേരി, അതൊരു കിണാശേരി തന്നെയായിരിക്കുമെന്ന് കണ്ടറിയുകയേ വഴിയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News