മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെറിക്കാൻ സാധ്യത ?

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വൻ വിജയം പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശിൽ പാർടിക്ക് ഉണ്ടായ തകർച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിനയാവുമോ ? മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറേണ്ടി വരുമെന്നാണ് പുതിയ വാർത്തകൾ.

തിരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റുന്ന കീഴ്വഴക്കം ബിജെപിക്കുണ്ട്. ബിജെപിയുടെ പ്രകടനം തീരെ ദയനീയമായതോടെയാണ് യോഗിയുടെ ഭാവി തുലാസിലായത്. അയോദ്ധ്യയിൽ പോലും പാർട്ടി തോറ്റതും പ്രധാനമന്ത്രി മോദിയുടെ ഭൂരിപക്ഷം കാര്യമായ തോതിൽ ഇടിഞ്ഞതും യോഗിയുടെ കഴിവുകേടാണെന്ന വ്യാഖ്യാനം ശക്തമാണിപ്പോൾ.

യോഗിയുമായി നല്ല ബന്ധത്തിലല്ലാത്ത ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന അഭ്യൂഹം പടർന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കാൻ മൗര്യ തയ്യാറായില്ല.

ബിജെപിയുടെ ഏകദിന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കേശവ് പ്രസാദ് മൗര്യ പ്രസംഗിച്ചത് യോഗിക്കെതിരെ മുള്ളും മുനയും വച്ചായിരുന്നു.’സർക്കാരിനെക്കാൾ വലുതാണ് പാർട്ടി. അതിന്റെ ഘടനയ്ക്കും കേഡർ സ്വഭാവത്തിനും സർക്കാരിനെക്കാൾ പ്രാധാന്യം നൽകും. എല്ലാ മന്ത്രിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരെ ബഹുമാനിക്കുകയും അവരുടെ അന്തസ് ഉയർത്തിപ്പിടിക്കുകയും വേണം. എന്റെ വാതിൽ എപ്പോഴും എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു’. എന്നും മൗര്യ പ്രസംഗത്തിൽ പറഞ്ഞു.

എന്നാൽ അതിരുകടന്ന ആത്മവിശ്വാസമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നായിരുന്നു യോഗി യോഗത്തിൽ വിശദീകരിച്ചത്. പ്രതിപക്ഷത്തിന്റെ ദുഷ്പ്രചാരണങ്ങളെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ കഴിയാത്തതും പരാജയത്തിന് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും സർക്കാരിനെയും വിമർശിച്ചവർക്കുളള മറുപടി എന്നനിലയിലായിരുന്നു യോഗിയുടെ പ്രസംഗം.

മന്ത്രിസഭയിലും എംഎൽഎമാർക്കിടയിലും മൗര്യയ്ക്കാണ് സ്വീകാര്യത. സ്വകാര്യ സംഭാഷണങ്ങളിൽ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം യോഗിയുടെ പ്രവർത്തനശൈലിയിലെ പോരായ്മയാണെന്ന് പലരും വിമർശിക്കുന്നുണ്ട്.y

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News