ദില്ലി : ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നൽകി. 215 പേർ അനുകൂലിച്ച വോട്ടെടുപ്പിൽ, ബില്ലിനെ എതിർത്ത് ആരും രംഗത്തുവന്നില്ല. രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവയ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനയുടെ 128–ാം ഭേദഗതി ബില്ലാണിത്. നിലവിലുള്ള 33 ശതമാനത്തിൽ സംവരണത്തിൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് എംപിമാർ ഭേഗതിയിലൂടെ ആവശ്യപ്പെട്ടു. വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്നും ഒൻപത് എംപിമാർ ചേർന്ന് അവതരിപ്പിച്ച ഭേദഗതിയിൽ ആവശ്യപ്പെടുന്നു.
ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചാലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാസംവരണമുണ്ടാവില്ല. ഭരണഘടനാ ഭേദഗതിക്കുശേഷമുള്ള ആദ്യ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനഃക്രമീകരണം നടക്കണം. മണ്ഡല പുനർനിർണയം അതിനുള്ള കമ്മിഷനാണ് ചെയ്യേണ്ടത്. കേന്ദ്രസർക്കാരിന് അതു കഴിയില്ല. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
നോട്ടുനിരോധനവും ലോക്ഡൗണുമെല്ലാം പെട്ടെന്നു നടപ്പിലാക്കിയ സർക്കാർ എന്തുകൊണ്ടാണ് വനിതാ സംവരണം 2024ലെ തിരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കുന്നതിൽനിന്നും പിന്തിരിയുന്നതെന്ന് എൻസിപി അംഗം വന്ദന ചവാൻ ചോദിച്ചു. പത്തു വർഷങ്ങൾക്കു ശേഷം നടപ്പിലാകാൻ പോകുന്ന സംവരണത്തിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നത് ദുരൂഹമാണെന്ന് ആർജെഡി അംഗം ജയന്ത് ചൗധരി കുറ്റപ്പെടുത്തി. അതേസമയം, ബില്ലിനെ തങ്ങൾ പൂർണമായും അനുകൂലിക്കുന്നതായി എഐഎഡിഎംകെ വ്യക്തമാക്കി. വാഗ്ദാനം ചെയ്തതെല്ലാം നടപ്പിലാക്കിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും വനിതാ സംവരണ ബില്ലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും ബിജെപി അംഗം സുശീൽ കുമാർ മോഡി അവകാശപ്പെട്ടു.
ഭരണപക്ഷ – പ്രതിപക്ഷ പിന്തുണയോടെ ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. 454 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങിൽ ലോക്സഭയിൽ നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. 8 മണിക്കൂറോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്സഭ ബിൽ പാസാക്കിയത്.
റൊട്ടേഷൻ അടിസ്ഥാനത്തിലാവും സംവരണമണ്ഡലങ്ങൾ തീരുമാനിക്കുക. അതിനുൾപ്പെടെ വേറെ നിയമനിർമാണമുണ്ടാവും. ലോക്സഭയും രാജ്യസഭയും പാസാക്കുന്ന ഭരണഘടനാഭേദഗതി ബിൽ പകുതിയോളം നിയമസഭകൾ പ്രമേയം പാസാക്കി അംഗീകരിക്കണം. തുടർന്ന്, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ അതു വിജ്ഞാപനം ചെയ്യണം. ഭേദഗതിക്ക് എന്നുമുതൽ പ്രാബല്യമുണ്ടാകണമെന്നു കേന്ദ്രസർക്കാരാണു തീരുമാനിക്കേണ്ടത്. അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ സെൻസസും ലോക്സഭ, നിയമസഭ മണ്ഡല പുനർനിർണയവും നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.