January 29, 2025 3:25 am

വനനശീകരണവും ഖനനവും മൂലം തന്നെ ഉരുള്‍പൊട്ടൽ

ന്യൂഡല്‍ഹി: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ വൻ ഉരുള്‍പൊട്ടലിന് സമാനമായ ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാനിടയുണ്ടെന്ന് ലോക ശാസ്ത്ര സംഘത്തിന്റെ മുന്നറിയിപ്പ്.

ഉരുള്‍പൊട്ടല്‍ രൂക്ഷമായത് കാലാവസ്ഥാ വ്യതിയാനം മൂലമെന്ന് വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം വിലയിരുത്തുന്നു.

ഇന്ത്യ, സ്വീഡൻ, യു.എസ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള 24 പേരടങ്ങുന്ന വേള്‍ഡ് വെതര്‍ ആട്രിബ്യുഷൻ (ഡബ്ല്യു.ഡബ്ല്യു.എ) ശാസ്ത്ര സംഘത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുവരുന്ന ആദ്യ അന്താരാഷ്ട്ര പഠനറിപ്പോർട്ടാണിത്.

അത്യുഷ്ണം മുതല്‍ അതിവർഷം വരെയുള്ള ലോകത്തെ തീവ്രകാലാവസ്ഥയെപ്പറ്റി പഠനം നടത്തുന്ന സംഘടനയാണ്
വേള്‍ഡ് വെതര്‍ ആട്രിബ്യുഷൻ (ഡബ്ല്യു.ഡബ്ല്യു.എ). കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നും കാലാവസ്ഥാ വ്യതിയാനം സാഹചര്യം 10 ശതമാനം രൂക്ഷമാക്കിയെന്നുമാണ് സംഘം പറയുന്നത്.

ജൂലായ് 29,30 തീയതികളില്‍ ശക്തമായ മഴയാണ് വയനാട്ടില്‍ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ പെയ്തത്. ജൂലായ് 30-ന് 140 മില്ലിമീറ്ററോളം മഴ പെയ്തിട്ടുണ്ട്. കേരളത്തില്‍ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മൂന്നാമത്തെ മഴയാണിത്. കേരളത്തില്‍ ഈയിടെയായി ദിനംപ്രതി രേഖപ്പെടുത്തുന്ന മഴയുടെ തോത് കൂടിവരികയാണെന്നും ആഗോള താപനമടക്കമുള്ളവയാണ് ഇതിന് കാരണം.

കെട്ടിടനിര്‍മാണ സാമഗ്രികള്‍ക്കായുള്ള ഖനനവും വനനശീകരണവും കനത്ത മഴയില്‍ മണ്ണിടിച്ചല്‍ സാധ്യത വര്‍ധിപ്പിച്ചെന്നാണ് പഠനറിപ്പോര്‍ട്ട്. 1950-നും 2018-നും ഇടയില്‍ വയനാട്ടില്‍ ഏകദേശം 62 ശതമാനത്തോളം വനം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തേയില തോട്ടങ്ങളുടെ വിസ്തൃതി 1800 ശതമാനമാണ് വര്‍ധിച്ചത്. ഇത് മലകളും ചരിവുകളും അസ്ഥിരമാക്കി.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കനത്ത മഴ ഭാവിയിലും മണ്ണിടിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്ലൈമറ്റ് മോഡലുകളും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവിധ രേഖകളും വിലയിരുത്തിയാണ് പഠനം നടത്തിയത്.

കേരളത്തിലെ മലയോര പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുടെ തോത് പഴയ രീതിയിലല്ല ഇനി അളക്കേണ്ടത്. മുന്നറിയിപ്പ്- രക്ഷാ സംവിധാനങ്ങള്‍ ഇതനുസരിച്ച്‌ ഏറെ മെച്ചപ്പെടണം. ഖനന- നിർമാണ- വനനശീകരണ ജോലികള്‍ നിയന്ത്രിക്കണമെന്നും ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയും മലയാളിയും ദ്രുത പഠന രചയിതാക്കളില്‍ ഒരാളുമായ മറിയം സക്കറിയ പറഞ്ഞു.

“ലോകം, ഫോസില്‍ ഇന്ധനങ്ങളെ പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ച്‌ മാറ്റിസ്ഥാപിക്കുന്നതുവരെ, മണ്‍സൂണ്‍ മഴ ശക്തമായി തുടരും, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ദുരിതം എന്നിവ ഉണ്ടാവും” – സക്കറിയ മുന്നറിയിപ്പ് നല്‍കി.

ലോകമെങ്ങും വർധിക്കുന്ന കാർബണ്‍ പുറന്തള്ളലിന്റെ ഫലമായി സമുദ്രോപരിതലം അസാധാരണമായി ചൂടായി മേഘങ്ങള്‍ അമിതജലം കുടിച്ചു വീർത്ത് ‘ജലബോംബു’കളായി മാറുന്ന സ്ഥിതിയാണ്. കാലാവസ്ഥാ മാറ്റം വരുന്നതിനു മുമ്ബ് ഇത്തരം ഉരുള്‍മഴകള്‍ 50-100 വർഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു. ആഗോള താപനം ശരാശരി 1.3 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇപ്പോള്‍ വർധിച്ചിരിക്കുന്നത്.

ഇത് രണ്ട് ഡിഗ്രി ആകുന്നതോടെ വിനാശ മഴയുടെ സാധ്യത പത്തില്‍ നിന്ന് 14 ശതമാനമായി ഉയരുമെന്നും ഇന്റർ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചില്‍ അംഗമായ സംഘടന മുന്നറിയിപ്പു നല്‍കുന്നു.

വനനശീകരണവും ഖനനവും കുറയ്ക്കുക, അപകടസാധ്യതയുള്ള ചരിവുകള്‍ ശക്തിപ്പെടുത്തുക, അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലനിർത്തല്‍ ഘടനകള്‍ നിർമിക്കുക എന്നിവ ഭാവിയില്‍ സമാനമായ ദുരന്തങ്ങള്‍ തടയുന്നതിന് സംഘം ശുപാർശ ചെയ്യുന്ന മറ്റ് ചില നടപടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News