January 5, 2025 3:30 am

വയനാട് പുനരധിവാസം; ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ

തിരുവനന്തപുരം: വയനാട് മുണ്ടൈക്കെ–ചൂരല്‍മല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കും.ഊരാളുങ്കൽ സൊസൈറ്റിക്കാണു പുനരധിവാസത്തിന്റെ നിർമാണച്ചുമതല. 750 കോടി മുടക്കിയാണ് നിർമാണം.

രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം.എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5, ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും.

റോഡ്- അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും. നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലെ വീടുകളായിരിക്കുമെന്നും ഭാവിയിൽ മുകളിൽ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ടൗൺഷിപ്പ് മാതൃക കാണിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനുമുണ്ടായിരുന്നു.

അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ടൗൺഷിപ്പിൽ ഉണ്ടാകും. വീട് വച്ച് നൽകൽ മാത്രമല്ല, ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക. സന്നദ്ധരായ എല്ലാവരേയും കൂടെ കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനുവരി 25 ന് അകം ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇറക്കും. കിഫ്ബിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി. നിർമ്മാണ ഏജൻസി കിഫ്കോൺ ആണ്. നിർമ്മാണ കരാർ നാമനിർദ്ദേശം ഊരാളുങ്കലിന് നൽകും. മേൽനോട്ടത്തിന് മൂന്ന് സമിതിയെ രൂപീകരിക്കും.

മുഖ്യമന്ത്രി അധ്യക്ഷനായ സമിതി, നിർമ്മാണ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷതയിലുള്ള സമിതി, കളക്ടറുടെ നേതൃത്വത്തിൽ ഇംപ്ലിമെന്റേഷൻ കമ്മിറ്റി എന്നിവയാണവ. പദ്ധതിക്കായി പ്രത്യേക ബാങ്ക് അകൗണ്ട് തുടങ്ങും. 38 സ്പോൺസർമാർ യോഗത്തിൽ പങ്കെടുത്തു. വെബ് പോർട്ടൽ നിലവിൽ വരും. പുനരധിവാസത്തിന് സ്പെഷൽ ഓഫീസറെ നിയമിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News