ടെൽ അവീവ്: പലസ്തീനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയിയെന്ന് ഹമാസ്. 16000 പേർക്ക് പരിക്കേററിട്ടുണ്ട് എന്നാണ് കണക്ക്.
ഒക്ടോബർ ഏഴു മുതൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പലസ്തീനിൽ 266 പേർ മരിച്ചതായി ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതിൽ 117 പേർ കുട്ടികളാണ്.
അതിനിടെ, ഗാസയിലെ സംഘർഷബാധിത മേഖലയിലേക്കുള്ള സഹായവിതരണത്തിനായി കൂടുതൽ ട്രക്കുകൾ റഫാ അതിർത്തിയിലെത്തി.
നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകൾ ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിർത്തി വഴി ഗാസയിലെത്തിയിരുന്നു. യുഎസും ഇസ്രയേലും മുന്നോട്ടുവച്ച പരിശോധനാ വ്യവസ്ഥകൾ പാലിച്ചാണു ട്രക്കുകൾ അതിർത്തി കടന്നത്.
ഭക്ഷണവും വെള്ളവും മരുന്നും ഇന്ധനവുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങൾക്ക് 20 ട്രക്ക് സഹായം തീർത്തും അപര്യാപ്തമാണെന്നും കൂടുതൽ സഹായം എത്തിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. സംഘർഷത്തിനു മുൻപ് പ്രതിദിനം 450 ട്രക്ക് സഹായമെത്തിയിരുന്നു.
ഇന്ധനമില്ലാതെ 14 ആശുപത്രികൾ പ്രവർത്തനം നിർത്തിവച്ചതായും പ്രതിദിനം 100 ട്രക്ക് സഹായമെങ്കിലുമില്ലാതെ ഗാസയ്ക്ക് അതിജീവനം അസാധ്യമാണെന്നും യുഎൻ വ്യക്തമാക്കി. ശുദ്ധജല ദൗർലഭ്യം മൂലം കോളറ– പകർച്ചവ്യാധി ഭീഷണിയും രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് 17 ട്രക്കുകൾ കൂടി സഹായവിതരണത്തിനായി അതിർത്തിയിലെത്തി കാത്തുനിൽക്കുന്നത്.
എന്നാൽ, സഹായം തെക്കൻ ഗാസയിലേക്കു മാത്രമാണെന്ന ഇസ്രയേൽ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വടക്കൻ ഗാസയിൽ വീടു വിടാതെ തുടരുന്നവർ ഇപ്പോഴുമുണ്ട്.
ആക്രമണത്തിനിടെ പിടികൂടി ബന്ദികളാക്കിയവരെ പൂർണമായി വിട്ടയയ്ക്കാതെ ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ.