ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണം 3500 കവിഞ്ഞുവെന്ന് അനൗദ്യോഗിക കണക്ക്. 169 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.
ശനിയാഴ്ച ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ 1500 ഹമാസ് പോരാളികളെയും വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് 1200 പേര് കൊല്ലപ്പെട്ടു. 40 കുട്ടികളെ ഹമാസ് തലവെട്ടിക്കൊന്നെന്നും സൈന്യം ആരോപിക്കുന്നു.
ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ, ഗാസയിലേക്ക് കരയുദ്ധത്തിന് സജ്ജമായി ഇസ്രയേല്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം സൈനികരാണ് അതിര്‍ത്തിയില്‍ നിരന്നിരിക്കുന്നത്.
അതിനിടെ, ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായം അമേരിക്ക നല്കി. കൂടുതല ആയുധങ്ങളും വിമാന വാഹിനികളും ഇസ്രയേലിലേക്ക് അയച്ചു. യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഈസേ്റ്റണ്‍ കപ്പൽ മെഡിറ്ററേനിയന്‍ കടലില്‍ തമ്ബടിച്ചിരിക്കുകയാണ്.
ഗാസയിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കുന്നത് ഇസ്രയേല്‍ സൈന്യം തടഞ്ഞിരിക്കുകയാണ്. ഗാസയില്‍ രാത്രിയുണ്ടായ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടുവെന്ന് ഹമാസ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ 22,600 പാര്‍പ്പിടങ്ങളും 10 ആരോഗ്യ കേന്ദ്രങ്ങളും 38 സ്കൂളുകളും തകര്‍ന്നതായി പലസ്തീന് വിദേശകാര്യമന്ത്രി അറിയിച്ചു.
ഹമാസിന്റെ ആക്രമണം ലോകത്തിനു മുന്നില്‍ നടന്നിരിക്കുന്ന പ്രകടമായ തിന്മയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കുറ്റപ്പെടുത്തി. ആക്രമണത്തില്‍ ഇതുവരെ 14 അമേരിക്കന്‍ പൗരന്മാര് കൊല്ലപ്പെട്ടു. ഇസ്രയേലിന് അടിയുറച്ച പിന്തുണ നല്‍കുകയാണെന്നും ബൈഡന് പറഞ്ഞു. ഹമാസ് ആക്രമണത്തിനു പിന്നില്‍ ഇറാന്റെ പങ്ക് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം, യുദ്ധത്തില്‍ വലിയ ആള്‍നാശം സംഭവിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ ആക്രമണത്തിന് കാരണം അമേരിക്കയുടെ വികലമായ നയങ്ങളാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന് കുറ്റപ്പെടുത്തി. ഗാസയിലേക്കുള്ള ഇസ്രയേലിന്റെ നീക്കം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യന്‍ യൂണിയന് പോളിസി മേധാവി ജോസെപ് ബോറെല്‍ ആരോപിച്ചു. പലസ്തീന് സര്‍ക്കാരിന് നല്കി വന്നിരുന്ന സഹായം തുടരാന്‍ യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മന്ത്രിമാര്‍ സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.