ടെൽ അവീവ്: ഇസ്രായേലിലെ വടക്കന്‍ നഗരമായ ഹൈഫയെ ലക്ഷ്യമിട്ട് ഹിസ്ബുല്ല 90 മിസൈലുകൾ തൊടുത്തുവിട്ടു.
നിരവധി കെട്ടിടങ്ങൾക്കും വാഹങ്ങങ്ങൾക്കും നാശമുണ്ടായിയെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേര്‍ക്കാണ് നിലവില്‍ പരുക്കുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയും ഉൾപ്പെടുന്നു.
ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിദാനമായ അയേണ്‍ ഡോം ഹിസ്ബുല്ലയുടെ ആക്രമണത്തെ് പ്രതിരോധിച്ചെങ്കിലും, ചിലത് ജനസാന്ദ്രയേറെയുള്ള ഹൈഫ തീരത്താണ് പതിച്ചത്.
ഗലീലി മേഖലയില്‍ നിന്നാണ് മിസൈല്‍ ഹിസ്ബുല്ല പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് അറിയിച്ചു.ഇസ്രായേലിനെതിരെയുള്ള വലിയ റോക്കറ്റാക്രമണങ്ങളിലൊന്നാണിത്.
എന്നാല്‍ ചിലത് മാത്രമാണ് ഇസ്രായേലിന്റെ സംവിധാനം പ്രതിരോധിച്ചത്. കാര്‍മിയല്‍ മേഖലയിലും, സമീപത്തുള്ള ടൗണുകളിലും നിരവധി മിസൈലുകളാണ് പതിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് വീഡിയോകള്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഹൈഫ മേഖലയില്‍ നിരവധി കാറുകള്‍ കത്തുന്നതായിട്ടാണ് വീഡിയോയിലുള്ളത്.
അതേസമയം ആക്രമണത്തിന് ഹിസ്ബുല്ല ഉപയോഗിച്ച റോക്കറ്റ് ലോഞ്ചര്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഹിസ്ബുല്ലയ്‌ക്കെതിരായ പേജർ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.പേജര്‍ ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും, മൂവായിരത്തില്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.