തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ന് ഗംഭീര സ്വീകരണം.. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിന് സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പങ്കെടുത്തു. . കേന്ദ്ര ഷിപ്പിംഗ് മന്ത്രിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നു.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണുള്ളതെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. അസാദ്ധ്യം എന്നൊരു വാക്ക് കേരളത്തിന് ഇല്ലെന്ന് തെളിഞ്ഞു, ഇതുപോലെയുള്ള 8 കപ്പലുകൾ കൂടി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുഖത്തേക്ക ് വരും. ആറുമാസത്തിനുള്ളിൽ കമ്മിഷനിംഗ് നടക്കും എന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു .
മന്ത്രി വി.ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ. രാജൻ, മന്ത്രിമാരായ ആന്റണിരാജു, ജി.ആർ. അനിൽ, സജി ചെറിയാൻ, കെ.എൻ.ബാലഗോപാൽ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം.പി, എം. വിൻസെന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാഎന്നിവർ ചടങ്ങിൽ പങ്കെടുത്തു.