ന്യൂഡൽഹി: കേരള വെററിനറി സർവകലാശാലയുടെ പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും കൈമാറി.കോളേജിലെ എസ് എഫ് ഐ നേതാക്കൾ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അവരെ രക്ഷിക്കാനാണ് അന്വേഷണം വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
ഇതിനിടെ അന്വേഷണം ഏറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിൽ നിന്ന് എസ് പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ കീഴിൽ സിബിഐ സംഘം കേരളത്തിൽ എത്തി. കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കണ്ണൂരിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മാർച്ച് 9ന് ആണ് സംസ്ഥാന സർക്കാർ കേസ് സിബിഐ ക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം എത്തിയത്. തിരുവനന്തപുരം യൂണിറ്റിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുമെന്നാണ് സൂചന.
അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.
കേന്ദ്രസർക്കാരിന്‍റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് സിബിഐ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാൽ, അതിന്‍റെ ബാക്കിയുള്ള കാര്യങ്ങൾ കൂടി സർക്കാരിന്‍റെ മേൽനോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു.
കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തിൽ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാൽ കേസ് കൈമാറുന്നതിൽ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.