കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. കൊച്ചി ഇഡി യൂണിററ് കേസ് റജിസ്റ്റർ ചെയ്തു.
കേസില്‍ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇഡി അന്വേഷണവും വരുന്നത്. എസ്എഫ്ഐഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉള്‍പ്പെടും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇഡി കേസില്‍ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടാക്കുക. ഇത് തെരഞ്ഞെടുപ്പിലും പ്രചരണ വിഷയമായി മാറും.
വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’, കൊച്ചിയിലെ ‘സിഎംആര്‍എല്‍’, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത്.
വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’ കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ ആലുവയിലെ കരിമണൽ കമ്പനിയായ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്.
കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ബാങ്ക് മുഖാന്തിരം തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ അനര്‍ഹമായ പണമായതിനാല്‍ തന്നെ കള്ളപ്പണമായി കണ്ട് ഇതില്‍ ഇ ഡിക്ക് ഇടപെടാമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു.
മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ തുടരന്വേഷണമാകാം എന്ന നിഗമനത്തിലെത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വീണ വിജയന്റെ എക്സാലോജിക് കമ്പനി, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവർക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും.
ഇ.ഡിയുടെ മാത്രമല്ല സിബിഐയുടെ കടന്നുവരവും കേസിൽ അനിവാര്യമാണെന്ന് പരാതി നൽകിയ ഷോൺ ജോർജ് പറഞ്ഞു. വൻതുകകളുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) നോട്ടിസ് അയച്ചിരുന്നു.
എക്സാലോജിക് സൊലൂഷൻസും കെഎസ്ഐഡിസിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്നു കോടതികൾ നിലപാടെടുത്തതോടെയാണ് എസ്എഫ്ഐഒ തുടർനടപടികളിലേക്കു കടന്നത്. കേരളത്തിൽ മാത്രം 12 സ്ഥാപനങ്ങൾക്കാണു നോട്ടിസ് ലഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എസ്എഫ്ഐഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്.
എക്സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉൽപന്നമോ സേവനമോ നൽകിയതിന് എക്സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളിൽനിന്നു രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്എഫ്ഐഒ ചെന്നൈ ഓഫിസിലെ കെ.പ്രഭു നോട്ടിസ് അയച്ചത്.
2016–17 മുതലാണ് എക്സാലോജിക്കിനു ശശിധരൻ കർത്തായുടെ കരിമണൽ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നൽകിയതെന്നാണു സിഎംആർഎലിന്റെയും എക്സാലോജിക്കിന്റെയും വാദം.
ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്ഐഒ കണ്ടെത്തിയത്. മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളിൽനിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.