വാഷിംഗ്ടൺ: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യാക്കാരായ 90,415 പേര്‍ പോലീസ് പിടിയിലായി.
മണിക്കൂറില്‍ 10 ഇന്ത്യക്കാര്‍ വീതം പിടിയിലാവുന്നു എന്ന് കണക്കുകൾ പറയുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കാണിത് എന്ന് യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വ്യക്തമാക്കുന്നു.
2023 സെപ്റ്റംബര്‍ 30 മുതല്‍ 2024 ഒക്ടോബര്‍ ഒന്നു വരെ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 29 ലക്ഷം ആളുകളെയാണ് അധികൃതര്‍ പിടികൂടിയത്. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് കടക്കാന്‍ ഇവർ ശ്രമിച്ചത്.
പിടിയിലായ ഇന്ത്യക്കാരില്‍ 50 ശതമാനത്തോളം പേര്‍ ഗുജറാത്തില്‍നിന്നുള്ളവരായിരുന്നു.കാനഡ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് 43764 ഇന്ത്യക്കാരാണ് അറസ്റ്റിലായത്.
മെക്‌സിക്കോ വഴി അനധികൃത കുടിയേറ്റത്തിനിടെ പിടിയിലാകുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ കുറവുണ്ട്. 2023ല്‍ അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായവര്‍ 32 ലക്ഷംപേരായിരുന്നു. ഇതില്‍ ഇന്ത്യക്കാരുടെ എണ്ണം 96,917. യുഎസ് മെക്‌സിക്കോ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമം നടത്തിയതിന് ഈ വര്‍ഷം ഇതുവരെ പിടിയിലായത് 25616 പേരാണ്. 2023ല്‍ ഇത് 41,770 ആയിരുന്നു.
മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് കടക്കുന്നവരുടെ എണ്ണം കുറയുകയാണെന്ന് അധികൃതര്‍ പറയുന്നു. ദുബായ്, തുര്‍ക്കി വഴിയാണ് പലരും മെക്‌സിക്കോയിലെത്തുന്നത്.അധികൃതർ ഇവിടെ കര്‍ശനമായ നിരീക്ഷണം നടത്തുന്നതോടെ പലരും ഈ വഴി ഉപേക്ഷിച്ചു. കാനഡയില്‍നിന്ന് അമേരിക്കയിലേക്ക് കടക്കാനാണ് ഇപ്പോള്‍ കൂടുതലും ശ്രമങ്ങള്‍ നടക്കുന്നത്.