പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു: സെബാസ്റ്റ്യൻ പോൾ

കൊച്ചി: ഡോ.മന്മോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സർക്കാരിന് അനുകൂലമായി വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാൻ 25 കോടി വാഗ്ദാനം ലഭിച്ചുവെന്ന് മുൻ ഇടതു മുന്നണി സ്വതന്ത്ര എംപി സെബാസ്റ്റ്യൻ പോള്‍ വെളിപ്പെടുത്തി.

എറണാകുളത്ത് നിന്ന് ഇടത് സ്വതന്ത്രനായി ജയിച്ചാണ് സെബാസ്റ്റ്യൻ പോള്‍ അന്ന് ലോക്സഭയില്‍ എത്തിയത്. പാർട്ടി വിപ്പ് അദ്ദേഹത്തിന് ബാധകമായിരുന്നില്ല.

അന്നത്തെ വിദേശകാര്യമന്ത്രി പ്രണബ് മുഖർജിയുടെ ദൂതൻമാർ നേരിട്ടെത്തിയാണ് 25 കോടി രൂപയുടെ കാര്യം സംസാരിച്ചതെന്നും വയലാർ രവി ഇക്കാര്യം സ്ഥിരീകരിച്ചാതായും സെബാസ്റ്റ്യൻ പോള്‍ പറഞ്ഞു.

I was offered Rs 25 crore to vote in favour of UPA-1 govt in 2008" - Sebastian Paul | Kerala News - News9live

സെബാസ്റ്റ്യൻ പോള്‍

“വിശ്വാസ വോട്ടെടുപ്പ് ദിവസം പാർലമെന്റില്‍ എത്താതിരിക്കാനും കോണ്‍ഗ്രസ് പലർക്കും പണം നല്‍കിയിരുന്നു. പ്രണബ് കുമാർ മുഖർജിയാണ് കോഴ നീക്കത്തിന് നേതൃത്വം നല്‍കിയത്.

അഞ്ച് സ്വതന്ത്ര അംഗങ്ങളെയാണ് അവർ നോട്ടമിട്ടത്. അതില്‍ ആദ്യത്തെ പേര് തന്റേതായിരുന്നു. വിപ്പ് ബാധകമാകാത്ത അയോഗ്യത ഉണ്ടാകാത്ത എംപി എന്ന നിലയ്‌ക്കാണ് എന്നെ സമീപിച്ചത്. ഡല്‍ഹിയിലെ തന്റെ വീട്ടിലാണ് ദൂതൻമാർ എത്തിയത്. എന്നാല്‍ താൻ വഴങ്ങിയില്ല. തന്റെ പേര് ആ ലിസ്റ്റില്‍ നിന്ന് നീക്കിയെന്ന് അടുത്തദിവസം പാർലമെന്റിന്റെ സെന്റർ ഹാളില്‍ വെച്ച്‌ വയലാർ രവി പറയുകയും ചെയ്തു” – സെബസ്റ്റ്യൻ പോള്‍ പറഞ്ഞു.

സമകാലിക മലയാളം വാരികയിലെ പംക്തിയില്‍ സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തിയതാണ് ഈ കോഴക്കഥ. ഏതു വിധേനയും മന്ത്രിസഭയെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജിക്കായിരുന്നു. മുഖര്‍ജിയുടെ ദൂതര്‍ എന്നവകാശപ്പെട്ട രണ്ടു പേര്‍ രാജേന്ദ്ര പ്രസാദ് റോഡിലെ തന്റെ വസതിയില്‍ വന്നു.

സ്വതന്ത്ര അംഗമായിരുന്നതിനാല്‍ പാര്‍ട്ടി വിപ്പോ വിപ്പ് ലംഘനത്തിനുള്ള ശിക്ഷയോ തനിക്കു ബാധകമായിരുന്നില്ല. സിപിഎം സ്വതന്ത്രന്‍ ആയതിനാല്‍ തന്റെ കൂറുമാറ്റം പാര്‍ട്ടിക്കു ഷോക്ക് ആയിരിക്കുമെന്ന കണക്കുകൂട്ടലും ഈ നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.

വളരെ കാര്യമാത്രപ്രസക്തമായാണ് വന്നവര്‍ സംസാരിച്ചത്. സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്താല്‍ 25 കോടി തരും. തുകയുടെ വലിപ്പം അവിശ്വസനീയമായിരുന്നതിനാലും ചോദ്യക്കോഴയില്‍ എംപിമാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷന്‍ ഓര്‍മയില്‍ വന്നതിനാലും വന്നവര്‍ അപരിചിതര്‍ ആയിരുന്നതിനാലും കൂടുതല്‍ ഒന്നും ചോദിച്ചില്ല. സ്റ്റിങ് ഓപ്പറേഷന്‍ ആയിരുന്നില്ലെന്ന് പിറ്റേന്ന് പാര്‍ലമെന്റില്‍ വച്ച്‌ വയലാര്‍ രവിയെ കണ്ടപ്പോള്‍ മനസ്സിലായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

”അവസരം ഒരിക്കലേ വരൂ. പ്രണബിന്റെ ചൂണ്ടയില്‍ കൊത്തുകയോ വലയില്‍ വീഴുകയോ ചെയ്തവര്‍ക്ക് ഒന്നും സംഭവിച്ചില്ല. കൂറു മാറുന്നതിനു മാത്രമല്ല, വോട്ടെടുപ്പില്‍നിന്നു വിട്ടു നില്‍ക്കുന്നതിനും പ്രതിഫലമുണ്ടായിരുന്നു. ലക്ഷദ്വീപില്‍നിന്നുള്ള ജെഡിയു എംപി കൊച്ചിയില്‍ എത്തിയപ്പോള്‍ രോഗബാധിതനായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിപി കോയയെ പോലെ പത്തു പേരാണ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്.”- സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ തനിക്കു പ്രയോജനകരമായ തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നെന്നും ഇടതു സഹയാത്രികനായി തുടരുന്ന സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നുണ്ട്. ഒരിക്കല്‍ മാത്രം ദൈവം അയയ്ക്കുന്ന സൗഭാഗ്യത്തെ പ്രയോജനപ്പെടുത്താതിരുന്നതിലുള്ള ഖേദം തനിക്ക് ചിലപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.