തട്ടിക്കൂട്ട് റിപ്പോർട്ട് തള്ളി ദേവസ്വങ്ങളും സി പി ഐയും പ്രതിപക്ഷ കക്ഷികളും

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എ ഡി ജി പി: എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ട് സി പി എയും കോൺഗ്രസും തള്ളി.

കള്ളനെ പിടിക്കാൻ വലിയ കള്ളനെ ചുമതലപ്പെടുത്തി എന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിമർശനം. സി പി എം മാത്രം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ റിപ്പോർട്ട് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു.

റിപ്പോർട്ടില്‍ അസ്വാഭാവികതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. അംഗീകരിക്കാൻ കഴിയില്ലെന്നാണ് തൃശ്ശൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന സി പി ഐ നേതാവ് വി എസ് സുനിൽകുമാറിൻ്റെ നിലപാട്.

രാവിലെ 11 മുതല്‍ പിറ്റേന്ന് 7വരെ പൂരപ്പറമ്ബില്‍ കുഴപ്പം നടന്നുവെന്ന് സതീശൻ ചൂണ്ടിക്കാട്ടി.മുഖ്യമന്ത്രി അറിഞ്ഞിട്ട് എന്തു കൊണ്ട് നടപടിയെടുത്തില്ല. ഒറ്റ ഫോണ്‍ വിളിക്ക് കമ്മിഷണർ അനുസരിക്കില്ലേ? അല്ലെങ്കില്‍ എഡിജിപി അവിടെ ചെന്ന് കമ്മിഷണറെ നിയന്ത്രിക്കില്ലേ ?

തൃശൂർനടത്തും. 28ന് തേക്കിൻകാട് മൈതാനത്ത് വലിയ പ്രതിഷേധ സമ്മേളനം നടത്തും. യുഡിഎഫ് യോഗം ചേർന്ന് ഭാവി സമരപരിപാടികള്‍ ആവിഷ്കരിക്കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

എഡിജിപി എം.ആർ.അജിത് കുമാർ സമർപിച്ച റിപ്പോർട്ടില്‍ അസ്വഭാവികതയുണ്ട്. ആരോപണ വിധേയനായ ആളാണ് റിപ്പോർട്ട് നല്‍കിയത്. മുൻപ് സർക്കാർ പറഞ്ഞത് കമ്മിഷണറാണ് പൂരത്തില്‍ കുഴപ്പമുണ്ടാക്കിയത് എന്നാണ്. കമ്മിഷണറെ മാറ്റി.

എഡിജിപി തൃശൂർ പൂരം നടക്കുന്ന സമയം അവിടെ ഉണ്ടായിരുന്നു. കമ്മിഷണർ കുഴപ്പമുണ്ടാക്കിയാല്‍ അതിനു മുകളിലുള്ള ഉദ്യോഗസ്ഥൻ നോക്കിയിരിക്കുമോ?

അനൗദ്യോഗികമായിട്ടാണെങ്കില്‍ എഡിജിപി എന്തിനാണ് തൃശൂരില്‍ പോയത്. അനൗദ്യോഗിക സന്ദർശനമാണെങ്കിലും വിഷയത്തില്‍ ഇടപെടാം. പൂരം കലക്കാനുള്ള മാസ്റ്റർ പ്ലാനാണ് തൃശൂരില്‍ നടന്നത്. എന്നിട്ട് പൂരം കലക്കിയ ആള്‍ വിവാദം അന്വേഷിക്കുകയാണ്.

ഒരാഴ്ചയ്ക്കുള്ളില്‍ തരാനുള്ള റിപ്പോർട്ട് എഡിജിപി 5 മാസം താമസിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടില്ല. വിവാദമായപ്പോഴാണ് തട്ടിക്കൂട്ട് റിപ്പോർട്ട് കൊടുത്തത്. ആരോപണ വിധേയൻ ഇന്നലെ കൊടുത്ത റിപ്പോർട്ടിന് സ്വാഭാവികതയില്ല. പൂരം കലക്കി, ബിജെപി വികാരം ഉണ്ടാക്കി അവരെ വിജയിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ബിജെപി-സിപിഎം ബന്ധം തൃശൂരിലുണ്ടായതായും സതീശൻ ആരോപിച്ചു.

പൂരത്തിന്‍റെ തുടക്കം മുതലേ പാളിച്ചകള്‍ മനസ്സിലായിരുന്നുവെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ കച്ചവടം കിട്ടുന്ന പൂരം സാമ്ബിള്‍ ദിവസം പ്രദർശനത്തിലെ കടകള്‍ പൊലീസ് വന്ന് ബലമായി അടപ്പിച്ചു. അവിടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയാതെയായിരുന്നു ഈ നടപടി.

പൂരം പ്രദർശനത്തിന് മുൻ വർഷത്തെ അപേക്ഷിച്ച്‌ 20000 ടിക്കറ്റ് കുറവ് വന്നു. അതൊരു ടെസ്റ്റ് ഡോസ് ആയിരുന്നു. അതുകഴിഞ്ഞ് ആനകളുടെ വിഷയം വന്നു. ആളുകള്‍ 50 മീറ്റർ മാറിനില്‍ക്കണമെന്ന് പറഞ്ഞു. ഒരു ദിവസം കാലത്ത് മുതല്‍ ഇരു ദേവസ്വങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി.

ഭഗവാനെയും ഭഗവതിയെയും ആദരിക്കുന്ന സമയത്ത് കയറുമായി എത്തി പൊലീസുകാർ തടഞ്ഞു. ആനകളെ തടയുന്ന കാര്യത്തില്‍ എൻ.ജി.ഒയുടെ വലിയ ഫണ്ട് ഉണ്ട്. വലിയ ഗൂഢാലോചന പൂരം കലക്കാൻ നടന്നു. മുൻ വർഷങ്ങളിലും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇക്കൊല്ലം പക്ഷേ അത് അതിരുകടന്നു. ഇക്കൊല്ലം ദേവസ്വങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാൻ ആയില്ല.

ദേവസ്വം ഒരു ചാഞ്ഞു കിടക്കുന്ന മരമാണ്. അതിന്‍റെ മേല്‍ കയറാൻ എല്ലാവർക്കും കഴിയും. അവസാനം ദേവസ്വങ്ങളുടെ മേല്‍തന്നെ വരുമെന്ന് ഉത്തമവിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഗിരീഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ എട്ടു വർഷങ്ങളായി പല ഉത്തരവുകള്‍ ഇറക്കി ബുദ്ധിമുട്ടിക്കുന്നുവെന്ന് പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. വനം വകുപ്പാണ് പൂരം തകർക്കാൻ മുന്നിലുള്ളത്. ജ്യുഡീഷ്യല്‍ അന്വേഷണത്തില്‍ കാര്യമില്ല. സി.ബി.ഐ അന്വേഷണം തന്നെ വേണം. യഥാർഥ കുറ്റക്കാർ പുകമറയുടെ പിന്നില്‍ നിന്ന് ചിരിക്കുന്നു.

ഫോറസ്റ്റ് ജി.പി നാഗരാജ് നാരായണന് സ്വന്തമായി ലോ കോളജ് ഉണ്ട്. ജുഡീഷ്യറിയില്‍ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ജുഡീഷണല്‍ അന്വേഷണം കൊണ്ട് കാര്യമില്ല. പാറമേക്കാവിന്‍റെ ആനകള്‍ ചെരിഞ്ഞപ്പോള്‍ കൊമ്ബ് ദേവസ്വത്തിന് നല്‍കിയില്ല, വനം വകുപ്പ് തടസ്സം നിന്നു. സ്വകാര്യ വ്യക്തിയുടെ ആന ചരിഞ്ഞപ്പോള്‍ കൊമ്ബ് അവർക്ക് വിട്ടുകൊടുത്തു. നാരായണൻ പൂരം തകർക്കാൻ ശ്രമിച്ചു. പൂരം എക്സിബിഷൻ തറവാടക തർക്കത്തിലും സർക്കാരിന്‍റെ ചർച്ചകളുടെ വിശദാംശങ്ങള്‍ കോടതിയെ ധരിപ്പിച്ചില്ലെന്നും രാജേഷ് ചൂണ്ടിക്കാട്ടി.