ന്യൂഡല്‍ഹി: വെള്ളിയാഴ്ചത്തെ വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാരം എറ്റവും മോശം അവസ്ഥയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി ഇതേ നിലയിലാണ് തലസ്ഥാനം.
ഡല്‍ഹിയില്‍ പകല്‍ സമയങ്ങളില്‍ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 400-ന് മുകളില്‍ എത്തിയതോടെയാണ് ഇത് വലിയ ആരോഗ്യപ്രശ്ങ്ങളിലേക്ക് നയിക്കും എന്ന ആശങ്ക ശക്തമായിരിക്കുന്നത്.
വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തില്‍. 100 മുതല്‍ 200 വരെയാണ് മോശം അവസ്ഥ. 200 മുതല്‍ 300 വരെ അപകടകരമായ അവസ്ഥയാണ്.
300 മുതല്‍ 400 വരെയുള്ളത് മലിനീകരണം രൂക്ഷമായ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍, 400 മുതല്‍ മുകളിലേയ്ക്കുള്ളത് അതീവ ഗുരുതരമായതും മനുഷ്യ ജീവനുതന്നെ അപകടമുള്ളതുമാണ്. ശരാശരി 48 വരെയാണ് കേരളത്തിലെ വായുഗുണനിലവാരം.
ഇതിനിടെ, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.ഓഫീസ് സമയത്ത് നിരത്തിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിന് വേണ്ടി പുതിയ സമയക്രമം ഏർപ്പെടുത്തി.
ഡല്‍ഹി നഗരസഭയുടെ ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാകും പ്രവര്‍ത്തിക്കുക. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയുമാക്കി പുനഃക്രമീകരിച്ചു.
കനത്ത പുകമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞ നിലയിലാണ് കാലാവസ്ഥ. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍.
നേരത്തെ, രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പ്രൈമറി സ്‌കൂളുകള്‍ (5-ാം ക്ലാസ് വരെ)ക്ക് ക്ലാസുകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചിരുന്നു.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂളുകളുടെ മേധാവികളോടും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹിയില്‍ മുഴുവന്‍ മേഖലകളിലും കെട്ടിടനിര്‍മാണം ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കും. അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിക്കലും വരെ നിരോധിച്ചിരിക്കുകയാണ്.
അന്തസ്സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയും.ഇതിന് പുറമെ ബിഎസ്-3 മലിനീകരണ മാനദണ്ഡം മാത്രം പാലിക്കുന്ന പെട്രോള്‍ വാഹനങ്ങളും ബി.എസ്-4 മാനദണ്ഡം മാത്രം പാലിക്കുന്ന ഡീസല്‍ വാഹനങ്ങളും നിരത്തിലിറക്കാന്‍ അനുവാദമുണ്ടാകില്ല.
ഇതിന്റെ ഭാഗമായി മാനദണ്ഡങ്ങള്‍ പാലിക്കുന്ന 106 ബസുകള്‍ അധികമായി നഗരത്തില്‍ സര്‍വീസ് നടത്തുമെന്നും മെട്രോ ട്രെയിനുകള്‍ 60 അധിക ട്രിപ്പുകള്‍ നടത്തുമെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
ദിവസം 25-30 സിഗരറ്റ് വലിച്ചാലുണ്ടാകുന്നത്രയും ആരോഗ്യപ്രശ്നങ്ങളാണ് ഇവിടെയുള്ള വിഷപ്പുക ശ്വസിക്കുന്നതുകൊണ്ടുണ്ടാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
നിരന്തരമായ ചുമ, വിട്ടുമാറാത്ത പനി, തുടർച്ചയായി കണ്ണില്‍ വെള്ളം നിറയല്‍ എന്നിവയാണ് ഡല്‍ഹി നിവാസികള്‍ പ്രധാനമായും അനുഭവിക്കുന്ന പ്രശ്നങ്ങള്‍. കൂടാതെ ശ്വാസകോശ സംബന്ധമായ നിരവധി അസുഖങ്ങള്‍ക്കും ഇതിടയാക്കുന്നു.
ബ്രോങ്കൈറ്റിസ്, ന്യൂമോണിയ പോലുള്ളവ വലിയതോതില്‍ വ്യാപിക്കുന്നു. വിഷലിപ്ത വായുവില്‍ അടങ്ങിയ സള്‍ഫർഡയോക്സൈഡ്, കാർബണ്‍ മോണോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് എന്നിവയെല്ലാമാണ് വിട്ടുമാറാത്ത രോഗങ്ങളിലേക്ക് ആളുകളെ തള്ളിവിടുന്നതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
ഡല്‍ഹിയിലെ അന്തരീക്ഷ മലനീകരണം ഒരു വ്യക്തിയുടെ 7-8 വർഷത്തെ ആയുസ്സ് കുറയ്ക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ റിപ്പോർട്ട് പറയുന്നത്. ഇത് കാൻസർ മൂലമുള്ള മരണങ്ങള്‍ വർധിപ്പിക്കാം.