തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതി ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിലെ ഹിന്ദുമത വിശ്വാസികൾ അല്ലാത്ത മുന്നൂറോളം ജീവനക്കാരെ ഒഴിവാക്കും.
അവർക്ക് സ്വമേധയാ വിരമിക്കാം. അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറാം. ഇതുസംബന്ധിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്ററ് തീരുമാനമെടുത്തു.
ക്ഷേത്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദുക്കൾക്ക് മാത്രമേ ജോലിയുള്ളൂവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നയത്തിൻ്റെ ഭാഗമാണ് ഈ നടപടിയെന്ന് ദേവസ്ഥാനം ചെയർമാൻ ബി.ആർ.നായിഡു അറിയിച്ചു.
ഹിന്ദു ഇതര ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താൻ നായിഡു വിസമ്മതിച്ചു, എന്നാൽ 7,000 സ്ഥിരം ജീവനക്കാരിൽ 300 പേരെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.ഇതു കൂടാതെ, ഏകദേശം 14,000 കരാർ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്.അവരിൽ എത്ര പേരെ ഇത് ബാധിക്കുമെന്ന് വ്യക്തമല്ല.
ക്ഷേത്രത്തിൽ ഹിന്ദു വിശ്വാസികൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന എന്ന അഭിപ്രായക്കാരനാണ് ഒക്ടോബർ 31 ന് അധികാരമേറ്റ ചെയർമാൻ നായിഡു. എല്ലാ നിയമനങ്ങളും ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് 1989 ലെ സർക്കാർ ഉത്തരവ് നിലവിലുണ്ട്. എന്നിട്ടും നിയമനങ്ങളിൽ ഹിന്ദു വിശ്വാസികൾ അല്ലാത്തവർ കടന്നുകൂടിയത് എങ്ങനെ എന്നത് വ്യക്തമല്ല.
അന്ധ്ര പ്രദേശിൽ ചന്ദ്രബാബു സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ക്ഷേത്ര ട്രസ്ററ് ചെയർമാനായി ബി. ആർ. നായിഡുവിനെ നിയമിച്ചത്. പുതിയ പരിഷ്ക്കാരങ്ങൾക്ക് തുടക്കം കുറിക്കുന്നതും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്