ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾ തടയാൻ ഫോൺ വിളിക്കുന്നവരുടെ യഥാർഥ പേര് കാണിക്കുന്ന സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നു.
എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളോട് കോളര്‍ ഐഡി നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) സേവനം ഉടനടി നടപ്പിലാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ആവശ്യപ്പെട്ടു.
ടെലികോം കമ്പനികള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ സംവിധാനം പരീക്ഷിച്ചുവരുന്നുണ്ട്. ഇത് വിളിക്കുന്ന ആളുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കും. ഇതിലൂടെ വ്യാജ കോളുകള്‍ പൂര്‍ണ്ണമായും തടയാനാകുമെന്നാണ് കരുതുന്നത്.
സിഎന്‍എപി എന്നത് ഉപയോക്താവിന്റെ സ്‌ക്രീനില്‍ വിളിക്കുന്നയാളുടെ പേര് കാണിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സേവനമാണ്. നിലവില്‍, ട്രൂകോളര്‍, ഭാരത് കോളര്‍ ഐഡി, ആന്റി സ്പാം എന്നിവ പോലുള്ള മൂന്നാം കക്ഷി ആപ്പുകള്‍ കോളിംഗ് പാര്‍ട്ടി നെയിം ഐഡന്റിഫിക്കേഷന്‍ എന്ന സമാന സേവനം നല്‍കുന്നുണ്ട്.
ഇത് എല്ലായ്‌പ്പോഴും വിശ്വസനീയമല്ലാത്ത ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉപയോക്താക്കള്‍ അവരുടെ സിം കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ നല്‍കിയ വിവരം പ്രകാരം കോളറുടെ പേര് കാണിക്കും.സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും സിഎന്‍എപി ഉപയോഗിക്കാന്‍ കഴിയുന്നത്.
അതേസമയം 2G ഫീച്ചര്‍ ഫോണുകളുള്ളവര്‍ക്ക് ഈ സേവനം ലഭിക്കില്ല. സിഎന്‍എപി നടപ്പിലാക്കിക്കഴിഞ്ഞാല്‍, വിളിക്കുന്നയാളുടെ സിം കാര്‍ഡുമായി ബന്ധപ്പെട്ട പേര് സ്വീകര്‍ത്താവിന്റെ ഫോണില്‍ പ്രദര്‍ശിപ്പിക്കും.
ആധാര്‍ ബയോമെട്രിക് വെരിഫിക്കേഷന്‍ ഇല്ലാതെ പുതിയ സിം കാര്‍ഡുകള്‍ നല്‍കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാജ രേഖകളിലൂടെ സിമ്മുകള്‍ വിതരണം ചെയ്യുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം.