ന്യൂഡൽഹി : കേന്ദ്ര മന്ത്രി സ്ഥാനം വേണോ, സിനിമ വേണോ എന്ന് സുരേഷ് ഗോപിക്ക് തീരുമാനിക്കേണ്ടി വരും. രണ്ടും കൂടി ഒന്നിച്ച് കൊണ്ടു നടക്കാൻ കഴിയില്ലെന്ന് നിയമവിദ്ഗ്ധർ അഭിപ്രായപ്പെടുന്നു.
മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടു എന്ന സുരേഷ് ഗോപിയുടെ പരാമർശം ബിജെപി കേന്ദ്രനേതൃത്വത്തിന് തീരെ പിടിച്ചിട്ടില്ല. അതിലേയ്ക്ക് കേന്ദ്ര മന്ത്രി അമിത് ഷായെയും വലിച്ചിഴച്ചതിൽ സർക്കാരിന് കടുത്ത അതൃപ്തിയുമുണ്ട്.
മന്ത്രി പദവിയിലിരുന്ന് സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് അവസരം കിട്ടില്ല എന്നാണ് സൂചനകൾ. സർക്കാർ കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നതും സുരേഷ് ഗോപി ആലോചിക്കും. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണഘടനാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്
കേരള ഫിലിംചേംബര്‍ നൽകിയ സ്വീകരണ യോഗത്തിൽ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അഭിനയിക്കുന്നതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ രക്ഷപ്പെട്ടുവെന്ന പരാമര്‍ശം സര്‍ക്കാരിനും ക്ഷീണമായി.
അഭിനയിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തിന്മേല്‍ പരിഗണിക്കാമെന്ന ഒഴുക്കന്‍ മറുപടി നല്‍കിയതല്ലാതെ ഇനിയും അനുമതി നല്‍കിയിട്ടില്ല. ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ആവശ്യമെന്നതിനാല്‍ സര്‍ക്കാരിന് ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. മന്ത്രി പദവിയിലിരുന്ന് പണസമ്പാദനത്തിനുള്ള മറ്റ് വഴികള്‍ തേടരുതെന്നാണ് നിലവിലെ ചട്ടമെന്ന് വിദഗ്ധരും പറയുന്നു.
സുരേഷ് ഗോപിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവരും ആവശ്യങ്ങളുമായി എത്തിയേക്കാം. അത് പ്രതിസന്ധിക്കും നിയമ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രി പദത്തിലിരുന്ന് തുടര്‍ച്ചയായി സുരേഷ് ഗോപി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലെ അതൃപ്തി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വത്തെ അറിയിച്ചുണ്ട് .