April 22, 2025 4:27 pm

സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും അത് ഗണപതിവട്ടമെന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘സുല്‍ത്താന്‍ ബത്തേരിയല്ല. അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്?. സുല്‍ത്താന്‍ വന്നിട്ട് എത്രകാലമായി?. അതിന് മുന്‍പ് ആ സ്ഥലത്തിന് പേരുണ്ടായിരുന്നില്ലേ?. അത് ഗണപതി വട്ടമാണ്. താന്‍ ആക്കാര്യം ആവര്‍ത്തിച്ചെന്നേയുള്ളു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് നാളെത്രയായി. അതിന് മുന്‍പ് ഈ നാട്ടില്‍ ആളൊന്നും ഉണ്ടായിരുന്നില്ലേ?. ഗണപതി വട്ടം ക്ഷേത്രം ഉണ്ടായിരുന്നില്ലേ?. ഇത് താന്‍ പറഞ്ഞതല്ല, 1984ല്‍ പ്രമോദ് മഹാജന്‍ പറഞ്ഞതാണ്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും സുല്‍ത്താന്‍ ബത്തേരി എന്നുപറയാനാണ് ഇഷ്ടം. എന്തിനാണ് അക്രമിയായിട്ടുള്ള, ക്ഷേത്രധ്വംസനം നടത്തിയിട്ടുള്ള ഒരാളുടെ പേരില്‍ എന്തിനാണ് ഇത്രയും നല്ല സ്ഥലം അറിയപ്പെടുന്നത്. തങ്ങള്‍ അതിനെ ഗണപതി വട്ടമെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്ഥലത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം ബിജെപി ഉന്നയിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര എന്ന നിലയിലാണ് സ്ഥലത്തിന് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നത്.

ചരിത്രം മായ്ക്കാനുള്ള ബോധപൂര്‍വശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News