ന്യൂഡല്‍ഹി: മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന് നിരീക്ഷിച്ച സുപ്രിംകോടതി സർക്കാരിനെ അതിനിശിതമായി വിമർശിച്ചു. മണിപ്പുര്‍ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ല.കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് കോടതി വിലയിരുത്തി.
കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ലഭിക്കുന്നത്. കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പുര്‍ പോലീസ് അശക്തരാണെന്ന് കോടതി നിരീക്ഷിച്ചു.
മെയ് മൂന്ന് മുതല്‍ ജൂലൈ 30 വരെ കപാപവുമായി ബന്ധപ്പെട്ട് മണിപ്പുരില്‍ 6,523 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സോളിസിസ്റ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 11 കേസുകള്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന ലൈംഗിക പീഡനത്തിന് രജിസ്റ്റര്‍ ചെയ്തവയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളില്‍ ഒന്നോ രണ്ടോ കേസുകളില്‍ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി ലഭിക്കുമെന്ന് സുപ്രീം കോടതി ആരാഞ്ഞു.
തങ്ങളെ കലാപകാരികള്‍ക്ക് കൈമാറിയത് പോലീസ് ആണെന്ന് ലൈംഗികപീഡനത്തിന് ഇരയായ കുക്കി വനിതകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ പോലീസുകാര്‍ക്കെതിരേ എന്ത് നടപടി എടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
പല അക്രമസംഭവങ്ങളും നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മിക്ക കേസിലും പ്രതികളെ കണ്ടെത്താന്‍ പോലും ശ്രമം ഉണ്ടായില്ല. ഇരകളുടെയും പരാതിക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ അവ്യക്തമാണ് – കോടതി പറഞ്ഞു.
ഈ സാഹചര്യത്തിലാണ് കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ ഡി.ജി.പിയോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.
അതേസമയം, സി.ബി.ഐ. ലൈംഗിക പീഡന കേസുകളില്‍ നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്ന് കുക്കി വനിതകളുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുന്നത് സംബന്ധിച്ച് വാദം കേള്‍ക്കലിന് ശേഷം തീരുമാനം എടുക്കെമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കലാപത്തില്‍ തല അറുത്ത് മാറ്റിയ കേസിലെ പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കുക്കി വിഭാഗം സുപ്രീം കോടതിയില്‍ ആരോപിച്ചു. മെയ്തി വിഭാഗത്തില്‍പെട്ട യുവതിക്ക് നേരെ ഉണ്ടായ അക്രമത്തെ കുറിച്ച് അന്വേഷണം വേണം എന്ന് മെയ്തി വിഭാഗവും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.