അരവിന്ദ് കേജ്‌രിവാളിനെ സി ബി ഐയും അറസ്ററ് ചെയ്തു

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു (ഇ.ഡി) പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സി ബി ഐയും അറസ്ററ് ചെയ്തു.100 കോടി രൂപ കോഴ വാങ്ങി എന്ന് ആരോപിക്കപ്പെടുന്ന മദ്യനയ അഴിമതിക്കേസിൽ ആണ് അറസ്ററ്.

ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കേജ്‌രിവാള്‍ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനിരിക്കവേ ആയിരുന്നു ഈ നടപടി.

കേസിലെ മാപ്പുസാക്ഷിയും മുൻ എംപിയുമായ മകുന്ദ റെഡ്ഡിയുടെ മൊഴികൾ കേജ്‌രിവാളിനെതിരാണ് എന്ന് സി ബി ഐ ബോധിപ്പിച്ചു . പുതിയ മദ്യനയം എന്തായിരിക്കുമെന്ന് നേരത്തേതന്നെ സ്വകാര്യ കമ്പനി പ്രതിനിധികൾ അറിഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ അവർ 100 കോടി കോഴ നൽകുകയും ചെയ്തു എന്നും സിബിഐ അഭിഭാഷകൻ റോസ് അവന്യൂ കോടതിയെ അറിയിച്ചു.

ഇതോടെ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കേജ്‌രിവാള്‍ പിൻവലിച്ചു. സിബിഐ കേസുകൂടി ഉള്‍പ്പെടുത്തി പുതിയ ഹർജി സമർപ്പിക്കും. പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചെങ്കിലേ കേജ്‌രിവാളിന് ഇനി പുറത്തിറങ്ങാനാവൂ.