ന്യൂഡല്‍ഹി: ന്യായമായ വിചാരണ കൂടാതെ ആരെയും കുറ്റവാളിയാക്കാൻ സർക്കാരിന് കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
സർക്കാരുകളുടെ ബുള്‍ഡോസർ നടപടിയില്‍ നിലപാട് കടുപ്പിക്കുകയാണ് കോടതി. എക്സിക്യൂട്ടീവിന് ജുഡീഷ്യറിയെ മറികടക്കാൻ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
കുറ്റാരോപിതരുടെ വീടുകളും വസ്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിലും രാജസ്ഥാനിലുമടക്കം നിരവധി പരാതികള്‍ ഉയർന്നു വന്നിരുന്നു.
രാജ്യവ്യാപകമായി കുറ്റാരോപിതരുടെ വീടുകളും മറ്റു സ്വത്തുവകകളും നിയമവിരുദ്ധമായി പൊളിക്കുന്ന നടപടി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്,കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കേവലമായ ആരോപണങ്ങളുടെ പേരില്‍ ഒരു പൗരന്റെ വീട് ഏകപക്ഷീയമായി പൊളിക്കുന്നത് ഭരണഘടനാ നിയമത്തെയും അധികാര വിഭജന തത്വത്തെയും ലംഘിക്കുന്നുവെന്ന് കോടതി പറഞ്ഞു.
അനധികൃത നിർമാണം, കൈയേറ്റം തുടങ്ങിയ കേസുകളില്‍ പൊളിക്കുന്നതിനുള്ള മാർഗനിർദേശങ്ങള്‍ സുപ്രീംകോടതി പുറത്തുവിട്ടു.15 ദിവസത്തെ മുൻകൂർ അറിയിപ്പ്, വിഡിയോ റെക്കോർഡിങ്, റിപ്പോർട്ടുകളുടെ പൊതു പ്രദർശനം എന്നിവ നിർബന്ധമാക്കിയാണ് സുപ്രീംകോടതി മാർഗനിർദേശം പുറത്തിറക്കിയത്.
സ്ത്രീകളും കുട്ടികളും ഒറ്റരാത്രികൊണ്ട് തെരുവിലിറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് ഗവായ് പറഞ്ഞു. ഇത്തരം കേസുകളില്‍ എക്‌സിക്യൂട്ടിവിന്റെ അതിരുകടക്കല്‍ അടിസ്ഥാന നിയമ തത്വങ്ങളെ തകർക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഓരോ നോട്ടീസിലും പൊളിക്കുന്നതിനുള്ള കാരണങ്ങളും ഹിയറിങ് തീയതിയും വ്യക്തമാക്കിയിരിക്കണം. 15 ദിവസത്തിനു മുമ്ബ് ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് നല്‍കണമെന്നും കോടതി പറഞ്ഞു.
അധികാര പരിധിക്കപ്പുറം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും. ഇത്തരം ഏകപക്ഷീയ നടപടികള്‍ നിയമവാഴ്ചയെ ദുർബലപ്പെടുത്തും. അധികാര ദുർവിനിയോഗത്തില്‍ നിന്ന് കുറ്റാരോപിതരോ കുറ്റവാളിയോ ആയവരെപ്പോലും സംരക്ഷിക്കാൻ ക്രിമിനല്‍ നിയമത്തിനുള്ളില്‍ സംരക്ഷണം നിലവിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഏകപക്ഷീയമായ നടപടികള്‍ മൂലം പ്രതികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന കേസുകളില്‍ നഷ്ടപരിഹാരം നല്‍കാമെന്നും കോടതി നിർദേശിച്ചു. വസ്തു ഉടമക്ക് വേണ്ടി വ്യക്തിഗത ഹിയറിങ് നടത്തണമെന്നും കോടതി നിർദേശിച്ചു.