ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടവരുടെ വസ്തുവകകള്‍ പൊളിക്കുന്ന നടപടികള്‍ നിയമവ്യവസ്ഥയ്ക്കു മുകളിലൂടെയുള്ള ബുള്‍ഡോസർ ഓടിക്കലായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.
ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലെ ഖേഡ ജില്ലയിലെ ജാവേദ് അലി മെഹബൂബാമിയ സയീദ് നല്‍കിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ധുലിയ, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
തനിക്കെതിരേ കേസെടുത്തതിന് പിന്നാലെ, മുൻസിപ്പാലിറ്റി ജീവനക്കാർ തന്റെ വീട് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.
നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം പൊളിക്കല്‍ പ്രവൃത്തികള്‍ കണ്ടില്ലെന്ന് നടിക്കാവില്ലെന്ന് പറഞ്ഞ കോടതി, ഇത്തരം നടപടികള്‍ രാജ്യത്തെ നിയമത്തിനു മുകളിലൂടെയുള്ള ബുള്‍ഡോസർ ഓടിക്കലായി കണക്കാക്കപ്പെടുമെന്നും കുറ്റപ്പെടുത്തി.
കേസില്‍ ഗുജറാത്ത് സർക്കാരിന് നോട്ടീസയച്ച കോടതി, നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സയീദിന്റെ വീട് പൊളിക്കരുതെന്നും നിർദേശിച്ചു.
ക്രിമിനല്‍ക്കേസ് പ്രതികളുടെ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് തകർക്കുന്ന സംഭവങ്ങള്‍ക്കെതിരേ സുപ്രീംകോടതി സെപ്റ്റംബർ രണ്ടിനും വിമർശനവുമായി വന്നിരുന്നു. വിഷയത്തില്‍ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള മാർഗരേഖയുണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.