ബലാൽസംഗ കേസിൽ മമത സർക്കാരിന് എതിരെ ആഞ്ഞടിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും മമത ബാനർജി നയിക്കുന്ന സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി.

ആശുപത്രി അടിച്ചുതകർത്ത സംഭവത്തിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു. കോടതി സ്വമേധയാ എടുത്ത കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

മമത സർക്കാരിനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നു. കൊലപാതകം ആത്മഹത്യയായി വരുത്തി തീർക്കാൻ വരെ ശ്രമമുണ്ടായി. പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു.

ബീഹാറിലും ഹൈദരാബാദിലും ഡ്യൂട്ടിക്കിടെ ഡോക്ടർമാർക്ക് നേരെയുണ്ടായ അതിക്രമങ്ങൾ കോടതി ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ താത്‌പര്യമാണ്. ഇതിന് ആവശ്യമായ നടപടിയെടുക്കാൻ മറ്റൊരു ബലാത്സംഗംവരെ കാത്തിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ബംഗാൾ സർക്കാരിന്റെ അധികാരം സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെമേൽ അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു.

മെഡിക്കൽ ജീവനക്കാർ അനുഭവിക്കുന്ന സുരക്ഷാപ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി സുപ്രീംകോടതി ദേശീയ ദൗത്യസംഘത്തെ നിയോഗിച്ചു. ഒമ്പത് അംഗങ്ങളാണ് ദൗത്യസംഘത്തിലുള്ളത്. കാബിനറ്റ്, ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാരെയും ദേശീയ മെഡിക്കൽ കമ്മിഷൻ, നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഴ്‌സ് അദ്ധ്യക്ഷന്മാരെയും എക്‌സ് ഒഫിഷ്യോ അംഗങ്ങളായും നിയമിച്ചു.ചീഫ് ജസ്റ്റിസിനുപുറമെ ജസ്റ്റിസുമാരായ ജെ ബി പാർദ്ദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റംഗങ്ങൾ.

കൊല്ലപ്പെട്ട ഡോക്ടർ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മാനഭംഗത്തിനു ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഓഗസ്റ്റ് ഒൻപതിനാണ് മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ 31കാരിയായ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്തതിനുശേഷം കൊലപ്പെടുത്തിയത്.