ഇന്ത്യയില്‍ നിന്നുള്ള കറിമസാലകളുടെ ഇറക്കുമതിക്ക് വിലക്ക്

കാഠ്മണ്ഡു: വേണ്ടത്ര ഗുണനിലവാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സിങ്കപ്പൂരിനും ഹോങ്കോങ്ങിനും പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള കറിമസാലകളുടെ ഇറക്കുമതിയും വില്‍പ്പനയും നേപ്പാള്‍ നിരോധിച്ചു.

ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾ ആണ് ഹോങ്കോങ്ങിലേയും സി​ഗപ്പൂരിലേയും ഭക്ഷ്യസുരക്ഷാവിഭാ​ഗങ്ങൾ വിലക്കിയത്.എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനേത്തുടർന്നാണ് നടപടി.

എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡ് എന്ന കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയത്. ഹോങ്കോങ്ങിലെ ഔട്ട്ലെറ്റുകളിൽ നിന്ന് ശേഖരിച്ച് പരിശോധിച്ച മേൽപ്പറഞ്ഞ മസാലക്കൂട്ടുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും അവ നീക്കംചെയ്യാൻ കടയുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

എതിലീൻ ഓക്സൈഡ് ഭക്ഷ്യയോ​ഗ്യമായ ഘടകമല്ലെന്നും കാർഷികമേഖലയിൽ അണുനശീകരണത്തിനായി ഉപയോ​ഗിച്ചുവരുന്നതാണെന്നും ഭക്ഷ്യസുരക്ഷാവിഭാ​ഗം അറിയിച്ചു. അതേസമയം, ഇതു ചേർത്തുള്ള ഭക്ഷണം കഴിച്ചയുടൻ ആരോ​ഗ്യപ്രശ്നമുണ്ടാകില്ലെങ്കിലും ദീർഘകാല ഉപയോഗം ആരോ​ഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ വ്യക്തമാക്കി

സ്പൈസസ് ബോർഡിന്റെ നിർവചനപ്രകാരം 10.7 സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ കത്തുന്ന നിറമില്ലാത്ത വാതകമാണിത്. അണുനാശിനി, കീടനാശിനി എന്നീ ഉപയോ​ഗമാണുള്ളത്. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനും ഉപയോ​ഗിക്കുന്നു.

ലോകാരോ​ഗ്യസംഘടന പറയുന്നതുപ്രകാരം മനുഷ്യനിൽ കാൻസറിന് കാരണമാകുന്നവയുടെ പട്ടികയിൽ മുൻപന്തിയിലാണ് എതിലീൻ ഓക്സൈഡിന്റെ സ്ഥാനം. പ്രത്യുത്പാദന തകരാറുകൾക്കും കാരണമാകാം. ബ്രെസ്റ്റ് കാൻസർ, ഉദരാർബുദം, ലിംഫോമ, ലുക്കീമിയ എന്നിവയുമായും ഇതു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എസ്. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.

എതിലീൻ ഓക്സൈഡ് ദീർഘകാലം ഉപയോ​ഗിക്കുന്നത് മനുഷ്യനിലെ കേന്ദ്രനാഡീവ്യവസ്ഥയെ തകരാറിലാക്കുകയും വിഷാദത്തിനു കാരണമാവുകയും കണ്ണ്, മൂക്ക്, തൊണ്ട, ശ്വാസകോശം തുടങ്ങിയവയ്ക്ക് തകരാറുണ്ടാക്കുകയും ചെയ്യുമെന്ന് യു.എസ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു.

സുഗന്ധവ്യഞ്ജന ഉത്പാദനത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിവര്‍ഷം 180 രാജ്യങ്ങളിലേക്കായി ഇരുന്നൂറിലധികം സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതിചെയ്യുന്നുണ്ട്.