പിറന്നത് ചരിത്രം; റോക്കററിനെ മാറോടണച്ച്‌ യന്ത്രകൈകള്‍

ടെക്‌സസ്: വീണ്ടും ചരിത്രമെഴുതി ഇലോണ്‍ മസ്‌കും സ്പേസ് എക്സും . ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം സ്പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി.

ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ കൊണ്ട് പിടിച്ചുവെച്ച് സ്‌പേസ് എക്‌സ് പുതുയുഗം കുറിച്ചു.

ഞായറാഴ്ച നടത്തിയ അഞ്ചാം സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിലാണ് സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി ‘മെക്കാസില്ല’ എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകള്‍ ഉപയോഗിച്ച് പിടിച്ചുവെച്ചത്.

Musk's SpaceX catches returning booster rocket in technical milestone

വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന തരത്തില്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ള സൂപ്പര്‍ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് സ്റ്റാര്‍ഷിപ്പ്. ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിലെ ലോഞ്ച് പാഡില്‍ നിന്നാണ് അ‌ഞ്ചാം പരീക്ഷണ സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്.

വിജയകരമായി വേര്‍പെട്ട ശേഷം രണ്ടാംഘട്ടത്തെ അനായാസം ബഹിരാകാശത്തേക്ക് അയച്ച്‌ റോക്കറ്റിന്‍റെ ഒന്നാം ഭാഗം അഥവാ ബൂസ്റ്റര്‍ തിരികെ ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രിത ലാന്‍ഡിംഗ് നടത്തി. അടുത്ത ഘട്ടത്തില്‍ ഈ ഭാഗവും ലോഞ്ചിങ് പാഡില്‍ തന്നെ തിരികെയെത്തും .

പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാ‍ർഷിപ്പ് റോക്കറ്റിന്‍റെ നിർമാണം. ഓരോ വിക്ഷേപണത്തിനും ശേഷം റോക്കറ്റ് ഭൂമിയില്‍ തിരികെ ലാൻഡ് ചെയ്യുന്ന രീതിയിലാണ് സ്റ്റാര്‍ഷിപ്പിനെ വിഭാവനം ചെയ്തിരിക്കുന്നത്.

SpaceX makes history as 'Mechazilla' successfully catches returning Starship booster

ഇതിന് ശേഷമുള്ള പരിശോധനകള്‍ പൂ‍ർത്തിയാക്കി വീണ്ടും ഇതേ റോക്കറ്റിനെ വിക്ഷേപിക്കും. സ്പേസ് എക്സിന്റെ തന്നെ ഫാള്‍ക്കണ്‍ 9, ഫാള്‍ക്കണ്‍ ഹെവി റോക്കറ്റുകളുടെ പിൻഗാമിയാണ് സ്റ്റാർഷിപ്പ്. മനുഷ്യരെ വഹിക്കാതെയുള്ള പേടകത്തിന്‍റെ പരീക്ഷണ വിജയമാണ് സ്പേസ് എക്‌സ് ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്.

ഇത് ആദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ ദൗത്യത്തില്‍ ഉപയോഗിച്ച സൂപ്പര്‍ ഹെവി റോക്കറ്റ് വീണ്ടെടുക്കുന്നത്. മുമ്പ് നടത്തിയ പരീക്ഷണ ദൗത്യങ്ങളിലെല്ലാം റോക്കറ്റ് ബൂസ്റ്ററിനെ കടലില്‍ പതിപ്പിക്കുകയാണ് ചെയ്ത്.

ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ബൂസ്റ്ററുകള്‍ ഈ രീതിയില്‍ വീണ്ടെടുക്കാറുണ്ട്. എന്നാല്‍ ഫാല്‍ക്കണ്‍ 9 ബൂസ്റ്ററുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ലെഗ്ഗുകള്‍ ഉപയോഗിച്ച് അവയെ തറയില്‍ ഇറക്കുകയാണ് പതിവ്.

സ്റ്റാര്‍ഷിപ്പിന് വേണ്ടി ഉപയോഗിക്കുന്ന ഭാരമേറിയ സൂപ്പര്‍ ഹെവി റോക്കറ്റില്‍ ഇത് പ്രായോഗികമല്ലാത്തതിനാലാവണം പ്രത്യേകം യന്ത്രക്കൈകള്‍ വികസിപ്പിച്ചത്. സ്റ്റാര്‍ഷിപ്പിന്റെ രണ്ടാം സ്റ്റേജ് കടലില്‍ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചു. റോക്കറ്റ് തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌പേസ് എക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

ആര്‍ട്ടെമിസ് ദൗത്യത്തില്‍ ഉള്‍പ്പടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്കും ചൊവ്വാ ദൗത്യങ്ങള്‍ക്കും വേണ്ടിയാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.