സിയോള്‍: ദക്ഷിണ കൊറിയയിലെ നഗരമായ മുവാനിലെ വിമാനത്താവളത്തിൽ ഞായറാഴ്ച വിമാനത്തിന് തീപിടിച്ച് 179 യാത്രക്കാർ മരിച്ചു.തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്നു വിമാനം.
ജെജു എയർ വിമാനത്തിൽ 175 യാത്രക്കാരും ആറ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും ഉണ്ടായിരുന്നുവെന്ന് ദക്ഷിണ കൊറിയയുടെ യോൻഹാപ്പ് വാർത്താ ഏജൻസി പറയുന്നു. 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ട് പേര്‍ തായ് പൗരന്മാരുമാണ്. ആറ് ജീവനക്കാരുമുണ്ടായിരുന്നു.
ജെജു എയർ വിമാനം ബോയിങ് 737-800 ആയിരുന്നു. തകരാറിലായ ലാൻഡിങ് ഗിയർ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വേലിയിൽ ഇടിക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണ്. ലാൻഡിങ് ഗിയർ തുറക്കാതെ വിമാനം ലാൻഡ് ചെയ്യുന്നതും ഒടുവിൽ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ, പക്ഷികളുമായുള്ള സമ്പർക്കമോ ലാൻഡിങ് ഗിയർ തകരാറിലായതോ ആകാം അപകടത്തിന് കാരണമെന്ന് കരുതുന്നതായി വാർത്താ ഏജൻസിയായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കൊറിയയുടെ ആക്ടിങ് പ്രസിഡൻ്റ് ചോയ് സുങ്-മോക്ക് രക്ഷാപ്രവർത്തനത്തിന് ഉത്തരവിട്ടതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച കസാഖിസ്ഥാനിലെ അക്‌തൗവിന് സമീപം നടന്ന അസർബൈജാൻ എയർലൈൻ വിമാനാപകടത്തിന് തൊട്ടുപിന്നാലെയാണ് ദക്ഷിണ കൊറിയയിലും അപകടം ഉണ്ടായിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
യുക്രൈൻ വിമാനം ആണെന്ന് കരുതി റഷ്യ ഈ വിമാനം വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണം റഷ്യ സമ്മതിച്ചിട്ടുണ്ട്. ഈ അബദ്ധത്തിന് റഷ്യൻ പ്രസിഡണ്ട് പുതിൻ മാപ്പു ചോദിച്ചിട്ടുമുണ്ട്.