വോട്ടെടുപ്പ് യന്ത്ര കൃത്രിമം: മുംബൈ പത്രത്തിന് എതിരെ കേസ്

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഇലക്ടോണിക് വോട്ടെടുപ്പ് യന്ത്രത്തിൽ ക്രമക്കേട് നടത്തി എന്ന വാർത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചു. യന്ത്രത്തിന് പ്രവർത്തിക്കാൻ ഫോൺ വഴിയുള്ള ഒടിപി ആവശ്യമില്ലെന്നും ആശയവിനിമയം നടത്താനാകില്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി,വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ശിവസേന (ഏക്‌നാഥ് ഷിൻഡെ) എംപി രവീന്ദ്ര വൈക്കറിന്റെ ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇവിഎം അണ്‍ലോക്ക് ചെയ്യുന്നതിനായാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഒരു ബട്ടണ്‍ അമർത്തിയാണ് ഫലങ്ങള്‍ ലഭ്യമാക്കുന്നത്. വാർത്ത വ്യാജമാണെന്നും സ്ഥിരീകരിക്കാത്തതാണെന്നും അവർ പറഞ്ഞു. അപകീർത്തി പരാമർശത്തിനും വ്യാജപ്രചാരണത്തിനും ഐപിസി വകുപ്പുകള്‍ പ്രകാരം മുംബൈ ആസ്ഥാനമായിട്ടുള്ള പത്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും വന്ദന വ്യക്തമാക്കി.

മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭ മണ്ഡലത്തില്‍ കൃത്രിമം നടത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാൻ സാങ്കേതിക സവിശേഷതകളും സുരക്ഷ സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥികളുടേയും അല്ലെങ്കിൽ അവരുടെ ഏജന്റുമാരുടേയും സാന്നിധ്യത്തിലാണ് എല്ലാം ക്രമീകരിച്ചത്.

പോളിങ് ഉദ്യോഗസ്ഥന്റെ ഫോണ്‍ എംപിയുടെ ബന്ധു ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ അറിയിച്ചു. 48 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു രവീന്ദ്ര വൈക്കർവിജയിച്ചത്. അദ്ദേഹം ശിവസേന ഉദ്ധവ് പക്ഷം സ്ഥാനാർഥി അമോല്‍ സജനൻ കിർത്തിക്കറിനെയാണ് പരാജയപ്പെടുത്തിയത്.

രവീന്ദ്ര വയ്ക്കറുടെ ബന്ധു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അൺലോക്ക് ചെയ്യാൻ കഴിയുന്ന ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി എന്നായിരുന്നു വാർത്ത. രവീന്ദ്ര വയ്ക്കറുടെ മരുമകൻ മങ്കേഷ് പണ്ടിൽക്കറാണ് ഈ ഫോൺ ഉപയോഗിച്ചിരുന്നതത്രെ.

ഇതിനെ തുടർന്ന് മങ്കേഷിനും തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ പോർട്ടലായ എൻകോറിന്റെ ഓപ്പറേറ്റർ ദിനേഷ് ഗൗരവിനും പോലീസ് നോട്ടീസ് അയച്ചു.ഫോൺ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടിയിലേക്ക് അയച്ചു. ഫോണിലെ വിവരങ്ങളും വിരലടയാളങ്ങളും പരിശോധിക്കും.

മുംബൈ നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽനിന്ന് 48 വോട്ടിനാണ് രവീന്ദ്ര വയ്ക്കർ വിജയിച്ചത്. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ജൂൺ 4ന് വോട്ടെണ്ണുമ്പോഴാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽവച്ച് മങ്കേഷ് മൊബൈൽ ഫോൺ ഉപയോഗിച്ചതായി മറ്റു സ്ഥാനാർഥികൾ പരാതി ഉന്നയിച്ചത്. 6.30 വരെ വോട്ടെണ്ണുമ്പോൾ ചെറിയ വോട്ടിന് ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി അമോൽ ക്രിതികർ ആയിരുന്നു മുന്നിൽ. തുടർന്ന് രണ്ടു തവണ വോട്ടെണ്ണിയതോടെ 48 വോട്ടിന് വയ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

റീകൗണ്ടിങ്ങിന്റെ സമയത്താണ് മങ്കേഷ് ഫോണിൽ നിരന്തരം സംസാരിച്ചെന്ന ആരോപണമുയർന്നിട്ടുള്ളത്. 19ാം ഘട്ട വോട്ടെണ്ണലിനുശേഷം എണ്ണിയ വോട്ടുകളുടെ വിവരം നൽകുന്നത് അവസാനിപ്പിച്ചെന്നും തുടർന്ന് 26 റൗണ്ടിനുശേഷം വയ്ക്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നെന്നും ക്രിതികർ ആരോപിച്ചു.ഈ ഫോൺ ദിനേഷ് ഗൗരവിന്റെ പക്കലാണ് ഉണ്ടാകേണ്ടിയിരുന്നത്.

വോട്ടിങ് മെഷീൻ ‘ബ്ലാക്ക് ബോക്സ്’ പോലെ ദുരൂഹമായി തുടരുകയാണെന്നും അത് പരിശോധിക്കാൻ ആർക്കും അനുവാദമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇവിഎമ്മുകളിൽ കൃത്രിമത്തിന് സാധ്യതയുണ്ടെന്ന ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിന്റെ പരാമർശവും പങ്കുവെച്ചുകൊണ്ടായിരുന്നു എക്സിൽ രാഹുലിന്റെ പ്രതികരണം.

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച അഭിപ്രായം.നിർമ്മിത ബുദ്ധി ഉപയോഗിച്ചോ അല്ലാതെയോ ഇ.വി.എം. യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഒഴിവാക്കണം എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്.

എന്നാല്‍, ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ സുരക്ഷിതമാണ് എന്ന് ബി ജെ പി നേതാവും മുൻ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയറുകൾ ഉണ്ടാക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് തെറ്റാണ്.

ഇതിൽ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കിൽ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ല. വേണമെങ്കിൽ ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകൾ നിർമ്മിക്കാൻ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.