മുംബൈ: ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് ആക്കം കൂടുന്നു.
ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വവും പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയെക്കുറിച്ചുള്ള സംശയങ്ങളും ആണ് കാരണം എന്നാണ് നിഗമനം. വരും ദിവസങ്ങളിലും ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള പണമൊഴുക്ക് ശക്തമാകാനാണ് സാദ്ധ്യത.
വിദേശ നിക്ഷേപകർ ഈ മാസം ആദ്യ പത്ത് ദിവസങ്ങളില്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്നും 17,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്. ഏപ്രിലില്‍ 8,700 കോടി രൂപയും ചോർന്നു.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി വീണ്ടും ശക്തമായതോടെ രാജ്യാന്തര വിപണിയില്‍ വൻകിട ഹെഡ്ജ് ഫണ്ടുകള്‍ ഓഹരികളില്‍ നിന്നും പണം വലിയ തോതില്‍ പിൻവലിച്ച് സുരക്ഷിത മേഖലകളായ സ്വർണം, ഡോളർ എന്നിവയില്‍ നിക്ഷേപിക്കുകയാണ്.
അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി സജീവമായി നില്‍ക്കുന്നു. അതിനാൽ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് മുഖ്യ പലിശ കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും വൻകിട ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും പണം പിൻവലിച്ച് ബോണ്ടുകളില്‍ നിക്ഷേപം നടത്തുകയാണിപ്പോൾ.
കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടിരുന്നു. വെള്ളിയാഴ്ചയ്ക്ക് മുൻപുള്ള ആറ് വ്യാപാര ദിനങ്ങളില്‍ രാജ്യത്തെ ഓഹരികളുടെ വിപണി മൂല്യത്തില്‍ 17 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്.
വെള്ളിയാഴ്ച ഇന്ത്യൻ ഓഹരികള്‍ തിരിച്ചു കയറിയെങ്കിലും അടുത്ത വാരം വിപണി കനത്ത തിരിച്ചടി നേരിടാൻ ഇടയുണ്ടെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. നാണയപ്പെരുപ്പ ഭീഷണി ഉയരുന്നതും ധനകാര്യ മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്