തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെയുള്ള എസ് എഫ് ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ വാഹനത്തിന് കേടുപാടുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിന് 76,357 രൂപയുടെ കേടുപാടുണ്ടായെന്നാണ് പറയുന്നത്.
ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.ഐപിസി 143 , 147, 149, 283, 353 വകുപ്പുകള്‍ പ്രകാരമാണ് ഈ നടപടി.
ഗവര്‍ണറുടെ ആവശ്യപ്രകാരമാണ് ഐ.പി.സി 124 അനുസരിച്ചു കേസെടുത്തതതെന്നാണ് സുചന.ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ പറഞ്ഞിരുന്നു. പ്രതികള്‍ കുറ്റക്കാരെന്നു തെളിഞ്ഞാല്‍. ഏഴു വര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കും.
നിയമവിരുദ്ധമായി സംഘം ചേരുന്നതിനു ഐ.പി.സി 143 അനുസരിച്ച് ആറു മാസം തടവോ പിഴയോ ലഭിക്കും. കലാപശ്രമത്തിന് ഐ.പി.സി 147 അനുസരിച്ച് രണ്ടു വര്‍ഷംവരെ തടവും പിഴയും ലഭിക്കാം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് ഐ.പി.സി 353 അനുസരിച്ച് രണ്ടുവര്‍ഷംവരെ തടവും പിഴയും രണ്ടുകൂടിയോ ലഭിക്കാം. എസ്.എഫ്.ഐ പ്രവര്‍ത്തകരായ യദുകൃഷ്ണൻ, അഷിഖ് പ്രദീപ്, ആഷിഷ് ആര്‍.ജി., ദിലീപ്, റയാൻ, അമൻ ഗഫൂര്‍, റിനോ സ്റ്റീഫൻ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇതിനിടെ, തിരുവനന്തപുരം പേട്ടയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാർക്ക് കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ അറസ്റ്റിലായ 5 പേർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
തിരുവനന്തപുരം നഗരത്തിൽ മൂന്നിടങ്ങളിലാണ് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഗവർണർ കാറിൽ നിന്നിറങ്ങി പ്രതികരിച്ചിരുന്നു.രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണറുടെ യാത്രക്കിടെയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്.
പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു. പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി.
പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ക്ഷുഭിതനാവുകയായിരുന്നു ഗവർണർ. ഗവർണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടുകയായിരുന്നു.