കരുവന്നൂർ; ബാങ്ക് – റബ്കോ ഇടപാടുകളിലേക്ക് അന്വേഷണം

In Main Story
October 18, 2023

കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ ബാങ്കും റബ്കോയും തമ്മില്‍ നടത്തിയ കോടികളുടെ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വിളിച്ചുവരുത്തിയ ഇഡി എംഡിയെ തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യംചെയ്യുകയാണ്. സഹകരണ സംഘം റജിസട്രാര്‍ ടി.വി. സുബാഷിനോട് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. 

റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. അഞ്ച് കോടിയിലേറെ രൂപ റബ്കോയ്ക്ക് കൈമാറിയ ബാങ്ക് മെത്തകളും ഫര്‍ണീച്ചറുകളുമടക്കം വാങ്ങിയിരുന്നു. ഇവ വില്‍പന നടത്തിയെങ്കിലും പണം ബാങ്കിലേക്കോ റബ്കോയിലേക്കോ എത്തിയില്ല.

ബാങ്കിലെ അക്കൗണ്ടന്‍റായിരുന്ന സി.കെ. ജില്‍സ്, ബിജോയ് എന്നിവരായിരുന്നു കമ്മിഷന്‍ ഏജന്‍റുമാര്‍. ഈ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡിയുടെ പരിശോധന. ഈ ഇടപാടില്‍ റബ്കോയിലെ ജീവനകാര്‍ക്കും സാമ്പത്തികലാഭമുണ്ടായിട്ടുണ്ടെന്ന് ഇഡിക്ക് മൊഴിയും ലഭിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറിയെന്ന് എംഡി ഹരിദാസന്‍ നമ്പ്യാര്‍ പ്രതികരിച്ചു.

കരുവന്നൂരില്‍ നടന്ന കോടികളുടെ തട്ടിപ്പ് സഹകരണവകുപ്പ് അറിയാതിരുന്നതി ഇഡിക്ക് വലിയ സംശയങ്ങളുണ്ട്. ജോയിന്‍റ് റജിസ്ട്രാര്‍ അന്വേഷണം നടത്തിയെങ്കിലും ഇതിനായി ശേഖരിച്ച രേഖകള്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും കൈമാറാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് റജിസ്ട്രാറെ തന്നെ വിളിച്ചുവരുത്താന്‍ ഇഡി തീരുമാനിച്ചത്. കരുവന്നൂർ ബാങ്കിലെ കഴിഞ്ഞ പത്ത് വർഷത്തെ ഓഡിറ്റ് സംബന്ധിച്ച രേഖകള്‍ റിപ്പോർട്ടിങ് ഓഫീസർമാരുടെ വിവരങ്ങളുമാണ് ഹാജരാക്കിയത്.