അഹങ്കാരികളെ ശ്രീരാമന്‍ പിടിച്ചുകെട്ടി: ആർ എസ് എസ്

ജയ്പുര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഹങ്കാരികളെ ശ്രീരാമന്‍ 241 സീററിൽ  പിടിച്ചുകെട്ടിയെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തോററ ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ്
ആര്‍.എസ്.എസ്. സംഘടനാ തലവൻ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്.

യഥാര്‍ഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും, ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

370 സീറ്റെന്ന അവകാശവാദവുമായി മത്സരിച്ച് ബി.ജെ.പി. കേവലഭൂരിപക്ഷത്തിനും താഴെ 240 സീറ്റ് മാത്രം നേടിയതിനെ ഉദ്ദേശിച്ചായിരുന്നു ഇന്ദ്രേഷ് കുമാറിൻ്റെ വിമര്‍ശനം.

ശ്രീരാമനെ ആരാധിച്ചവര്‍ ക്രമേണെ അഹങ്കാരികളായി മാറി. ആ പാര്‍ട്ടി വളര്‍ന്ന് വലിയ പാര്‍ട്ടിയായി. എന്നാല്‍ അഹങ്കാരം കാരണം അവര്‍ക്ക് കിട്ടേണ്ട വോട്ടുകളും അധികാരവും ദൈവം തടഞ്ഞു. ശ്രീരാമനെ എതിര്‍ത്തവര്‍ക്ക് അധികാരം കിട്ടിയില്ല. അവരെല്ലാവരും ഒന്നിച്ചുനിന്നിട്ട് പോലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ദൈവത്തിന്റെ നീതി സത്യമാണ്- അദ്ദേഹം തുടര്‍ന്നു.

ശ്രീരാമനെ ആരാധിക്കുന്നവര്‍ വിനയാന്വിതരായിരിക്കണം. ശ്രീരാമനെ എതിര്‍ക്കുന്നവരെ ശ്രീരാമന്‍തന്നെ കൈകാര്യം ചെയ്തുകൊള്ളും. ശ്രീരാമന്‍ ആരേയും കരയിക്കില്ല. ശ്രീരാമന്‍ എല്ലാവര്‍ക്കും നീതിനല്‍കും. ശ്രീരാമന്‍ ജനങ്ങളെ സംരക്ഷിക്കും. രാവണനുവരെ നല്ലത് മാത്രമാണ് അദ്ദേഹം ചെയ്തത്- ഇന്ദ്രേഷ് കുമാർ
പറഞ്ഞു.