January 14, 2025 7:25 am

മസ്ജിദ്-മന്ദിർ തർക്കം; ആർ എസ് എസിനെതിരെ മതാചാര്യന്മാർ

ന്യൂഡൽഹി: ഹിന്ദുമതത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആർ എസ് എസ് അല്ലെന്ന് ഒരു വിഭാഗം ഹിന്ദുമത സംഘടനകളുടെ നേതാക്കൾ ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനെ ഓർമ്മപ്പെടുത്തി.

എല്ലാ മസ്ജിദിലും ക്ഷേത്രം തേടേണ്ടന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ഈ സംഘടനകളുടെ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

പലസ്ഥലങ്ങളില്‍ അയോധ്യയ്ക്ക് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ ആര്‍എസ്എസ് അധ്യക്ഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തര്‍ക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന.

എന്നാല്‍, ഇത്തരം മതപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആര്‍എസ്എസിനേക്കാള്‍ മതനേതാക്കളാണെന്ന് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ മതാചാര്യന്‍മാരുടെ സംഘടനയായ അഖില്‍ ഭാരതീയ സന്ത് സമിതി (എകെഎസ്എസ്) അഭിപ്രായപ്പെട്ടു.

മതത്തിന്റെ വിഷയം ഉയര്‍ന്നുവരുമ്പോള്‍ അത് തീരുമാനിക്കേണ്ടത് മത ഗുരുക്കന്മാരാണ്. അവര്‍ എന്ത് തീരുമാനിച്ചാലും ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും സ്വീകരിക്കും,’- എകെഎസ്എസ് ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു.

56 ഇടങ്ങളില്‍ ക്ഷേത്രനിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ വിവാദ വിഷയങ്ങളില്‍ സ്ഥിരമായ താല്‍പര്യമാണ് വച്ചുപുലര്‍ത്തേണ്ടത്.രാഷ്ട്രീയ അജൻഡകളേക്കാള്‍ പൊതുവികാരമാണ് മതസംഘടനകള്‍ വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാമഭദ്രാചാര്യയെപ്പോലുള്ള പ്രമുഖരും മതപരമായ കാര്യങ്ങളില്‍ സംഘം ഇടപെടുന്നതിനെ എതിര്‍ത്തു രംഗത്തുവന്നിരുന്നു.

ഉത്തര്‍പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുക്കുന്ന പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവത് നിലപാട് വ്യക്തമാക്കിയത്.

വ്യത്യസ്ത വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ കഴിയുന്നതിന്റെ മാതൃക ഇന്ത്യ കാണിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനുതന്നെ ഇന്ത്യ മാതൃകയാകണം. ‘രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല.’- മോഹന്‍ ഭാഗവത് പറഞ്ഞു.

‘രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരില്‍ മറ്റിടങ്ങളില്‍ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താന്‍ കഴിയണം.’- മോഹന്‍ ഭാഗവത് വ്യക്തമാക്കി. മതവിഭാഗങ്ങള്‍ ഐക്യത്തോടെ കഴിയുന്നതില്‍ ലോകത്തിലെ മാതൃകയാവണം ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News