തിരുവനന്തപുരം: ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞാൽ സംഘടനയിൽ ഏററവും ശക്തനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി: എംആർ അജിത്കുമാർ സമ്മതിച്ചതോടെ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലായി.
സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയ വിശദീകരണത്തിൽ അജിത് കുമാർ വിശദീകരിക്കുന്നുണ്ട്. 2023 മെയ് മേയ് 22ന് തൃശൂർ പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. ആർ എസ് എസ് സംസ്ഥാന നേതാവ് നേതാവ് പി. എൻ. ഈശ്വരൻ ഇത് നിഷേധിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ആണ് ആദ്യമായി ഈ ആരോപണം ഉന്നയിച്ചത്.മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ കേന്ദ്ര അന്വേഷണം അട്ടിമറിക്കാനും തൃശൂരില്‍ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയം ഉറപ്പിക്കാനും വേണ്ടിയായിരുന്നു ചർച്ചയെന്നും തൃശൂർ പൂരം കലക്കിയത് ആ ധാരണയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു..
ആർഎസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.ദത്താത്രേയ ഹൊസബലെ തൃശൂരില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ദിവസം, അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മുൻ ദേശീയ ഭാരവാഹിക്കൊപ്പമാണ് എഡിജിപി എത്തിയതെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ഔദ്യോഗിക വാഹനം ഒഴിവാക്കി,പകരം സ്വകാര്യ കാറിലായിരുന്നു യാത്ര. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയായതിനാല്‍ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാല്‍ എവിടെയെല്ലാം പോയെന്നു വ്യക്തമാകുമെന്നതിനാലാണ് സ്വകാര്യകാർ തെരഞ്ഞെടുത്തത്.ഹോട്ടലിനു മുൻപിലെ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് പറയുന്നു.
സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. സതീശൻ ആരോപിച്ചത് പോലെ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണു കൂടിക്കാഴ്ചയെങ്കില്‍ തുടർനടപടിയുമുണ്ടാകില്ല.
അതേസമയം, ആരോപണത്തില്‍ ഉരുണ്ടുകളിക്കുകയാണ് സി.പി.എം. ഒരു കൂടിക്കാഴ്ചയും മുഖ്യമന്ത്രിക്കുവേണ്ടി നടന്നിട്ടില്ലെന്ന് വിശദീകരിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടുവെന്നത് നിഷേധിച്ചില്ല. ഇതുസംബന്ധിച്ച ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അജിത്കുമാർ-ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോയെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് കണ്ടിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്കെന്ത് ? എന്നായിരുന്നു മറുചോദ്യം.
ബി.ജെ.പിയുമായി എ.ഡി.ജി.പി വഴി സി.പി.എം ബന്ധം സ്ഥാപിച്ചുവെന്നത് കള്ളക്കഥയാണെന്ന് ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷനേതാവിന്‍റെ പ്രസ്താവനയുടെ പുറത്തുണ്ടാക്കിയ വാർത്തയോട് പ്രതികരിക്കേണ്ടതില്ല. അജണ്ട വെച്ച് സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആർ.എസ്.എസ്. 215 സി.പി.എമ്മുകാർ ആർ.എസ്.എസിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുമായി സന്ധി ചെയ്യാൻ സി.പി.എമ്മിനാവില്ലെന്ന് ഗോവിന്ദൻ വിശദീകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടതുമുന്നണി എംഎല്‍എ: പി.വി.അന്‍വറും ആരോപിച്ചിരുന്നു. പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ, ആര്‍എസ്‌എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും.
സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ തോററ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്.സുനിൽകുമാർ തുടങ്ങിയവർ സംഭവത്തിൻ്റെ നിജസ്ഥിതി വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.