April 23, 2025 4:23 am

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

കേന്ദ്ര മന്ത്രി ഫേസ്ബുക്കിലിട്ട പോസ്ററിൻ്റെ അടിസ്ഥാനത്തിൽ സൈബർ സെൽ എസ് ഐ യുടെ പരാതിയിലാണ് കേസ്.

കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഫേസ് ബുക്ക് പോസ്ററ്.

കേരളത്തിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചു, ഒരു മതവിഭാഗത്തിനെതിരെ സ്പർദ്ദ ഉണ്ടാക്കാനും ശ്രമിച്ചു, പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചു എന്നീ അരോപണങ്ങൾ ആണ് കുററപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിസി 153, 153എ എന്നീ വകുപ്പുകൾ മന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്.

കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. തീവ്ര ഗ്രൂപ്പുകളോടു മുഖ്യമന്ത്രി മൃദു സമീപനം പുലർത്തുകയാണെന്നും കോൺഗ്രസും അതിനു കൂട്ടു നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

കൊച്ചിയിൽ ബോംബു പൊട്ടിയപ്പോൾ പിണറായി വിജയൻ ഡൽഹിയിൽ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

വർഗീയവാദി, വിഷം ചീറ്റൽ തുടങ്ങിയ പ്രയോഗങ്ങൾ മുഖ്യമന്ത്രി നിർത്തണം. മുഖ്യമന്ത്രിയുടെ കഴിവുകേടിനെയും അഴിമതിയെയും പ്രീണന രാഷ്ട്രീയത്തെയും മറയ്ക്കാനുള്ള മറയാണ് ആ പ്രയോഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തി. കേന്ദ്രമന്ത്രി വമിപ്പിക്കുന്നതു വെറും വിഷമല്ല, കൊടും വിഷമാണ്. ഇതൊരു ആക്ഷേപമായല്ല, അലങ്കാരമായാണ് അദ്ദേഹം കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, വിടുവായൻ പറയുന്നതു പോലെയാണു രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുള്ള പ്രചാരണമാണ് അദ്ദേഹവും കൂട്ടാളികളും നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News