മുംബൈ: അശ്ലീല വിഡിയോകൾ വഴി പണം സമ്പാദിക്കുകയും വിദേശത്തേക്ക് പണം കടത്തുകയും ചെയ്തു എന്ന ആരോപണം നേരിടുന്ന വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വലയിൽ കുടുങ്ങുന്നു
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി ഓഫിസിൽ ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന പരിശോധനയ്ക്ക് ശേഷമാണ് നടപടി.
ഹോട്ട്‌ഷോട്ട്‌സ് എന്ന മൊബൈൽ ആപ് വഴി അശ്ലീല ഉള്ളടക്കം നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കുന്ദ്രയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
അശ്ലീല ചിത്രങ്ങൾ നിർമിച്ചു എന്നാരോപിച്ച് 2021 ജൂണിലാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം ജയിലിൽ കിടന്നതിനു ശേഷം 2021 സെപ്റ്റംബറിൽ ജാമ്യം ലഭിച്ചു.
കുന്ദ്രയെയും രാജ് കുന്ദ്ര ഫിലിംസിന്റെ ഉദ്യോഗസ്ഥരെയും കൂടാതെ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര, ഉമേഷ് കാമത്ത് എന്നിവരും കേസിൽ പ്രതികളായിരുന്നു.
കുന്ദ്രേയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുടെ 98 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഈ വർഷം ആദ്യം ഇ.ഡി കണ്ടുകെട്ടിയിരുന്നു. ശിൽപയ്ക്ക് അശ്ലീലചിത്രങ്ങളും കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധമില്ലെന്നാണ് കുന്ദ്ര വാദിക്കുന്നത്.