അൻവർ ചെന്നെയിൽ: ഡി എം കെ നേതാക്കളെ കണ്ടു

ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചതു കൊണ്ട്, ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂർ എം എൽ എയായ പി.വി. അൻവർ ഡി എം കെ നേതാക്കളെയും മുസ്ലിം ലീഗ് നേതാക്കളെയും കണ്ടു ചർച്ച നടത്തി.

സിപിഎം അനുകൂല ന്യൂനപക്ഷ വോട്ട് ലക്ഷ്യമിടുന്ന അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഡി.എം.കെ. നേതാക്കളുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു.

ശനിയാഴ്ച പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപീകരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുന്ന കാര്യവും ആലോചനയിലുണ്ട്.

സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെയുമായി അടുക്കാനുള്ള അൻവറിന്റെ നീക്കം ചർച്ചയായിട്ടുണ്ട്. കേരളത്തിൽ വേരുറപ്പിക്കാനുള്ള ഡി.എം.കെ. ശ്രമങ്ങൾക്ക് ഇതു കരുത്തുപകരുമെന്നും കരുതുന്നവരുണ്ട്.

ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ പങ്കെടുത്തു.

ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുള്ളയും ഉണ്ടായിരുന്നു. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ.എ.എം.മുഹമ്മദ് അബൂബക്കർ തയാറായില്ല.