പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച പോളിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ പ്രതിഷേധം പരിധിവിട്ടു. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു. റോഡ് ഉപരോധിച്ചാണ് പ്രതിഷേധം.
മൃതദേഹത്തെ അനുഗമിച്ചിരുന്ന വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പ് തടഞ്ഞിട്ട നാട്ടുകാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പില്‍ റീത്ത് വച്ചും പ്രതിഷേധിച്ചു. നൂറുകണക്കിന് നാട്ടുകാരാണ് വാഹനം വളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. കൊല്ലപ്പെട്ട പോളിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ചകളല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞയാഴ്ച മാനന്തവാടിയില്‍ കാട്ടാന കൊലപ്പെടുത്തിയ അജീഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചിരുന്നു.