പരീക്ഷാ ക്രമക്കേടുകൾ; കടുത്ത ശിക്ഷ നൽകാൻ നിയമം

ന്യൂഡല്‍ഹി: പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ തടവുലഭിക്കുന്ന നിയമം വരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

കുററക്കാർക്ക് ഒരുകോടി രൂപയില്‍ കുറയാത്ത പിഴയുമുണ്ടാകും.വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവ്.10 ലക്ഷം രൂപവരെ പിഴ ലഭിക്കും.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെ.ഇ.ഇ., സി.യു.ഇ.ടി. തുടങ്ങിയ പ്രവേശനപരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.

നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടയിലാണ്, പബ്ലിക് എക്സാമിനേഷന്‍ ആക്ട് 2024 വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ചോദ്യപ്പേപ്പര്‍, ഉത്തരസൂചിക, ഒ.എം.ആര്‍. ഷീറ്റ് എന്നിവ ചോര്‍ത്തല്‍, അതുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ പങ്കെടുക്കല്‍, ആള്‍മാറാട്ടം, കോപ്പിയടിക്കാന്‍ സഹായിക്കുക, ഉത്തരസൂചിക പരിശോധന അട്ടിമറിക്കല്‍, മത്സരപ്പരീക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി, പരീക്ഷ ഫിഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കല്‍, വ്യാജ അഡ്മിറ്റ് കാര്‍ഡുകള്‍, പണലാഭത്തിനായുള്ള കത്തിടപാടുകള്‍ എന്നിവ ഈ നിയമത്തിൻ്റെ പരിധിയിൽ വരും