ധാക്ക: ബംഗ്ലാദേശിൽ സർക്കാരിനെതിരായ പ്രക്ഷോഭം കടുത്തതോടെ ഷെയ്ഖ് ഹസീന, പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഭരണം സൈന്യം ഏറെറടുക്കും.
45 മിനിറ്റിനുള്ളിൽ രാജിവയ്ക്കാൻ ഹസീനയോട് സൈന്യം ആവശ്യപ്പെട്ടതായ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് രാജി. തലസ്ഥാന നഗരമായ ധാക്കയിൽ നിന്ന് ഹെലികോപ്റ്ററിൽ ഹസീന മുങ്ങി.അവർ ഇന്ത്യയിൽ അഭയം തേടിയെത്തിയിട്ടുണ്ട്.
പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി കയ്യേറുന്ന വീഡിയോ ദൃശ്യങ്ങൾ ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ജോലികൾക്കുള്ള സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.
ജൂൺ മുതലാണ് പ്രക്ഷോഭം തുടങ്ങിയത്. മരണം 250 കവിഞ്ഞിരുന്നു. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളും തമ്മിൽ ഇന്നലെ രാജ്യവ്യാപകമായുണ്ടായ ഏറ്റുമുട്ടലിൽ 14 പൊലീസുകാർ ഉൾപ്പെടെ 70ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.
പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ ജോലികളിലെ സംവരണ ക്വാട്ട നാമമാത്രമാക്കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് താത്കാലികമായി പ്രതിഷേധം തണുപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച നിസഹകരണ പ്രക്ഷോഭത്തിന്റെ ആദ്യ ദിവസമായ ഇന്നലെ രാവിലെ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് സംഘടനകളുടെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ 1972 മുതൽ നൽകിയിരുന്ന 30 ശതമാനം സംവരണം 2018ൽ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ നിറുത്തലാക്കിയിരുന്നു. ജൂണിൽ ബംഗ്ലാദേശ് സുപ്രീംകോടതി സംവരണം പുനഃസ്ഥാപിച്ചതോടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രക്ഷോഭം തുടങ്ങി.
തുടർന്ന് കഴിഞ്ഞമാസം സുപ്രീംകോടതി ഈ സംവരണം 5ശതമാനമായും മൊത്തം സംവരണം 7ശതമാനമായും കുറച്ചിരുന്നു. കോടതി വിധി അംഗീകരിച്ച് സർക്കാർ ഉത്തരവ് വരുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചിരുന്നു.