കണ്ണൂർ: സി പി എം കണ്ണൂർ ജില്ല കമ്മിററി അംഗവൂം ജില്ല പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി. ദിവ്യയെ, എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാഴ്ചത്തേക്ക് തളിപ്പറമ്പ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. തുടർന്ന്, ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റി.
അവർ ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെ സി പി എം നിർദേശ പ്രകാരമാണ് ദിവ്യ കീഴടങ്ങിയത്.
മജിസ്ട്രേറ്റിന്‍റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
യാത്രയയപ്പ് യോഗത്തിൽ ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു ദിവ്യയുടെ വിമർശനം.
ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശപ്രകാരം സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങൾ പൊളിച്ചു. പ്രതിപക്ഷത്തിൻ്റെ ആരോപണം മുൻകൂർ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി.
മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഉപജാപക സംഘത്തിൻ്റെ പിടിയിലാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് അറസ്റ്റ്. പയ്യന്നൂർ ആശുപത്രിയിൽ ദിവ്യയെത്തി ചികിത്സ തേടി. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതി ദിവ്യയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നില്ല. സിപിഎമ്മിൻ്റെ സംരക്ഷണയിലാണ് ദിവ്യ കഴിഞ്ഞതെന്നതിൽ സംശയമേയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയാതെ ഇടയ്ക്ക് സത്യം പറയുന്നതായാണ്. അദ്ദേഹത്തിനൊന്നും സിപിഎമ്മിൽ ഒരു റോളുമില്ല. മുഖ്യമന്ത്രിക്കോ എ കെ ജി സെൻ്ററിനോ യാതൊരു നിയന്ത്രണവും പൊലീസിന് മുകളില്ല. പാർട്ടിക്കാരായ പ്രതികൾ വന്നാൽ കേരളത്തിൽ ആർക്കും നീതി കിട്ടില്ല. സ്വന്തക്കാർ എന്ത് വൃത്തികേട് ചെയ്താലും കുടപിടിക്കുമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം കുററപ്പെടുത്തി.