ന്യൂഡൽഹി : നിരോധനം നിലവിൽ വന്ന് ഒരു വർഷത്തിനു ശേഷം , പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, സുപ്രീംകോടതിയെ സമീപിച്ചു. യുഎപിഎ ട്രൈബ്യൂണലിന്‍റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഹർഹി.
ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തു.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വാദം. എട്ട് അനുബന്ധ സംഘടനകളെ അടക്കം നിരോധിച്ചത് ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ സുപ്രീംകോടതി എന്ത് തീരുമാനമെടുക്കും എന്നത് സംഘടനയെ സംബന്ധിച്ച് നിര്‍ണായകമാകും.
പിഎഫ്ഐയെ ആഭ്യന്തര മന്ത്രാലയം അഞ്ച് വർഷത്തേക്കാണ് നിരോധിച്ചത്. പിഎഫ്ഐ ഭാരവാഹികളായിരുന്ന മുതിർന്ന നേതാക്കൾ ഇപ്പോഴും ജയിലിലാണ്. 2042ൽ ഇന്ത്യയിൽ ഭരണഘടന അട്ടിമറിച്ച് ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് പിഎഫ്ഐക്ക് എതിരെ കേന്ദ്രം നടപടി എടുത്തത്.
2006 ൽ തുടങ്ങിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് സംഘടനക്കെതിരെ ന്യൂഡൽഹി എൻഐഎ ആസ്ഥാനത്താണ് സെപ്തംബർ രണ്ടാം വാരം ആദ്യം കേസ് എടുത്തത്. ഈ കേസിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഉൾപ്പെടെ കഴിഞ്ഞ വര്‍ഷം സെപ്തംബർ 27ന് രാജ്യ വ്യാപക റെയ്ഡ് നടന്നു. പ്രധാനപ്പട്ട ഓഫീസുകളിലും നേതാക്കളുടെ വീടുകളും പരിശോധിച്ചു. ആകെ 247 പിഎഫ്ഐ പ്രവർത്തകരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.
പിന്നാലെ സെപ്തംബർ 28നാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് വിജ്ഞാപനം ഇറങ്ങിയത്. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, കേരളത്തിലെ എംപവർ ഇന്ത്യ ഫൗണ്ടേഷൻ ആൻഡ് റിഹാബ് ഓർഗനൈസേഷൻ എന്നിവയും നിരോധിച്ചു.
ഉത്തരവിന് പിന്നാലെ കേരളത്തിലടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.