തിരുവനന്തപൂരം: മുഖ്യമന്ത്രിയും സി പി എമ്മും ഒരുവശത്തും പാർടിയുടെ സ്വതന്ത്ര എം എൽ എ യായ പി വി അൻവർ മറുവശത്തും നിന്നുള്ള കൊമ്പുകോർക്കൽ തുടരുന്നു. ഈ രാഷ്ടീയ കസർത്ത് കണ്ട് അമ്പരന്നു നിൽക്കുകയാണ് അണികൾ.
പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം നേതാക്കൾ പ്രസ്താവനയിറക്കി വിവാദം കൊഴുപ്പിക്കുന്നുണ്ട് എന്നതാണ് ഇന്നത്തെ പ്രത്യേകത. ഇതിനിടെ, അൻവറെ പോലുള്ള ഒരാളെ ഇടതുമുന്നണി എം എൽ എ ആക്കാൻ ഉൽസാഹിച്ചവർ മറുപടി പറയണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമായി മാറി.
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ മറുപടിയുമായി അൻവർ മലപ്പുറത്ത് രംഗത്തെത്തിയത് വിവാദത്തിന് ചൂടു പകർന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷണം നടത്തണം. മുഖ്യമന്ത്രി കുന്തമുന എന്റെ നേരെ തിരിച്ചുവിട്ടിരിക്കുകയാണ്. എഡിജിപി അജിത് കുമാർ,എഴുതിക്കൊടുത്ത തിരക്കഥയാണ് മുഖ്യമന്ത്രി വായിച്ചത്. അതല്ല സത്യം. മുഖം തുറന്ന് മനുഷ്യരോട് സംസാരിക്കുകയാണ് ഞാൻ ചെയ്തത്. സ്വർണക്കടത്തിന് പിന്നില്‍ ഞാനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എത്രയോ നിരപരാധികൾ ജയിലിലാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാത്രം ഇത് ബോധ്യപ്പെടാത്തത് ? ജുഡീഷ്യറിയിൽ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും.
അൻവറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. എൽഡിഎഫ് വിട്ടുവെന്ന് ഞാൻ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ല. പാർലമെന്ററി പാർട്ടി മീറ്റിങ്ങിൽ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാർലമെന്ററി പാർട്ടിയിൽ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് മനസ്സ് കൊണ്ടു പറഞ്ഞതല്ല.
ഈ രീതിയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെങ്കിൽ 2026ലെ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാർഥികളുണ്ടാകും. 20 –25 സീറ്റിനു മേലെ എൽഡിഎഫിനു ജയിക്കാനാകില്ല.
ഞാൻ ഇനിയും സംസാരിക്കും. ഞായാറാഴ്ച വൈകിട്ട് നിലമ്പൂരിലെ ജനങ്ങളോട് സംസാരിക്കുന്നുണ്ട്.എന്നെ ഞാനാക്കിയ ജനത്തോട് സംസാരിക്കും. എല്ലാ പാർട്ടികളുടെയും സംസ്ഥാന–ജില്ലാ തല നേതാക്കൾ ഒറ്റക്കെട്ടാണ്. സാധാരണ പ്രവർത്തകർക്ക് നീതി ലഭിക്കുന്നില്ല. ലീഗിലെയും കേരള കോൺഗ്രസിലെയും സാധാരണ പ്രവർത്തകരെ എനിക്കറിയാം. ആ അറിവ് വച്ചുകൊണ്ടാണ് പറയുന്നത്.
വലിയൊരു ആപത്തിലേക്ക് കേരളത്തെ കൊണ്ടുപോവുകയാണ്. മനുഷ്യരുടെ സ്നേഹം ഇല്ലാതാക്കാൻ യുട്യൂബർമാർ ശ്രമിക്കുകയാണ്. എന്നെ വഞ്ചിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എൽഡിഎഫ് പുറത്താക്കിയാൽ ഞാൻ തറയിലിരിക്കും.
എന്റെ പാർക്ക് പൂട്ടിയിട്ട് ഏഴു കൊല്ലമായി. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ നൽകിയ റിപ്പോർട്ട് അനുസരിച്ച് പാർക്ക് ദുരന്ത മേഖലയിൽ അല്ല. മുഖ്യമന്ത്രിയുടെ മേശയിലാണ് ഈ റിപ്പോർട്ട്. ആ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് ഇരിക്കുമ്പോഴാണ് ഞാൻ ഇത് പറഞ്ഞത്.
എട്ടു കൊല്ലത്തിനിടയ്ക്ക് സർക്കാരിന്റെ ചെലവിൽ ഒരു പാരസെറ്റമോൾ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനം ഉള്ളവരും ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്. ആദ്യം നിങ്ങൾ എന്നെ മല മാന്തുന്നവനാക്കി. ചില മാധ്യമ പ്രവർത്തകരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് ഒന്നും പുറത്തുവരാത്തത്. ഒരുവിധപ്പെട്ടവന്റെ മടിയിലൊക്കെ കനമുണ്ട്. സർക്കാരിന്റെ ഒരു ആനുകൂല്യവും എനിക്കു വേണ്ട. കോഴി ബിരിയാണിയും മന്തിയും കഴിച്ച് മ്യൂസിക്കും കേട്ട് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കിൽ ഞാൻ ആ വഴിക്കു പോകും.
വീടിനു മുന്നിലല്ല എന്റെ പറമ്പിലാണ് എനിക്കെതിരെ സിപിഎം ഫ്ലക്സ് വച്ചിരിക്കുന്നത്. അത് എന്റെ പറമ്പിൽ തന്നെ ഇരിക്കട്ടെ. മന്ത്രിമാരുടെ പോസ്റ്റിനു താഴെയുള്ള കമന്റൊക്കെ കണ്ടല്ലോ. ഒരു നീതിയും കിട്ടാത്തത് ഇവിടത്തെ ന്യൂനപക്ഷങ്ങൾക്കാണ്.
എനിക്ക് വേറെയും ചില കാര്യങ്ങൾ പറയാനുണ്ട്, യാത്ര ചെയ്യാൻ എന്റെ ഡ്രൈവറെ പിന്തുണ മതി. വീടിനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ മറുപടിയില്ല. തോക്ക് ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്, അത് കിട്ടുമെന്ന് ഉറപ്പില്ല. ഞാൻ ഈ അങ്ങാടിയിൽ കൂടി ഇറങ്ങി നടക്കും. സ്വാഗതം ചെയ്യുന്നവർക്ക് സ്വാഗതം ചെയ്യാം. ഈ തീവണ്ടി ഇങ്ങനെ പോകും, എല്ലാ കോച്ചും ഫ്രീയാണ്. ഇത് ജനങ്ങൾക്കു വേണ്ടിയുള്ള തീവണ്ടിയാണ്.’’– അൻവർ പറഞ്ഞു.
പാർട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന സി പി.എം. കേന്ദ്ര കമ്മിററി അംഗം എ. കെ.
ബാലൻ്റെ ആരോപണത്തിനും അൻവർ പ്രതികരിച്ചു. വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും?
അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും എന്നാൽ ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് അൻവർ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അൻവർ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു.
എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചു. എൽഡിഎഫിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും, പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നു. എൽഡിഎഫിനെയും, സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകുമെന്നും ഇപ്പോഴല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾക്ക് ഇനിയും കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടാവുമെന്ന് അറിയാം. എന്നാൽ അതിനെല്ലാം മറുപടി പിന്നീട് പറയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.