പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിഏപ്രിൽ ഒന്നിന്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരായ 23 ലക്ഷം പേർക്ക് പ്രയോജനകരമായ പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി ഏപ്രിൽ ഒന്നിന് നിലവിൽ വരും.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള എന്‍.പി.എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്( പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി ) വേണോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം.

നിലവില്‍ എന്‍.പി.എസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാനും സൗകര്യമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാം,

പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രകാരം ചുരുങ്ങിയത് 25 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് തൊട്ടുമുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ അന്‍പതു ശതമാനം പെന്‍ഷനായി ലഭിക്കും.

പെന്‍ഷന്‍ വാങ്ങിയിരുന്ന വ്യക്തി മരിച്ചുപോയാല്‍, ആ സമയത്ത് ലഭിച്ചിരുന്ന പെന്‍ഷന്‍ തുകയുടെ അറുപതു ശതമാനം കുടുംബത്തിന് ലഭിക്കും.

സര്‍ക്കാര്‍ സര്‍വീസില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കി ജോലി വിടുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ കിട്ടും.

നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാര്‍ നല്‍കുന്ന വിഹിതം പത്തുശതമാനവും കേന്ദ്രസര്‍ക്കാരിന്റെ വിഹിതം 14 ശതമാനവുമാണ്. ഏകീകൃത പെന്‍ഷന്‍ പദ്ധതി നിലവില്‍വരുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ വിഹിതം 18 ശതമാനമായി ഉയരും.