പത്താൻകോട്ട് ഭീകരാക്രമണം; ജെയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

In Main Story
October 11, 2023

ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് (41) കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാനിലെ സിയാൽകോട്ടിലെ ഒരു പള്ളിയിൽ വച്ച് അജ്ഞാതർ ഷാഹിദ് ലത്തീഫിനെ വെടിവച്ച് കൊല്ലുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികൾ ബെെക്കിൽ കയറി രക്ഷപ്പെട്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

പ്രാദേശികമായ തീവ്രവാദ സംഘങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ പ്രധാനിയായ ഷാഹിദ് ലത്തീഫ് 2010 മുതൽ ഇന്ത്യയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയിൽ ഉള്ള ആളാണ്. 2016ലെ പത്താൻകോട്ട് വ്യോമത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഷാഹിദ് ലത്തീഫ്. ഇയാൾക്കായി ഇന്ത്യ വലവിരിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.

പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിര എൻഐഎ യുഎപിഎ ചുമത്തിയിരുന്നു. ഈ ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഷാഹിദിന്റെ നേതൃത്വത്തിൽ നാല് ഭീകരർ ചേർന്നാണ് പത്താൻകോട്ടിൽ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. 1994ൽ ഇയാൾ ലഹരി, തീവ്രവാദക്കേസുകളിൽ ജമ്മുകശ്മീരിൽ അറസ്റ്റിലായിരുന്നു. 16വർഷത്തെ തടവിന് ശേഷം വാഗാ അതിർത്തിയിലൂടെ ഇയാളെ നാടുകടത്തി. 1999ൽ ഇന്ത്യൻ എയർലെെൻസ് വിമാനം കാണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടുപോയ കേസിലെയും പ്രതിയായിരുന്നു ഷാഹിദ് ലത്തീഫ്.