ന്യൂഡൽഹി: യോഗാചാര്യൻ ബാബ രാം ദേവിൻ്റെ പതഞ്ജലി ആയുർവേദയ് വരിഞ്ഞുമുറുക്കി വീണ്ടും സുപ്രിംകോടതി നീക്കം.
കോവിഡ് കുത്തിവെപ്പിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇടപെടൽ.
ഉത്തരാഖണ്ഡ് സർക്കാർ നിർമാണ ലൈസൻസ് റദ്ദാക്കിയ തങ്ങളുടെ 14 ഉത്പന്നങ്ങളുടേയും വിൽപന നിർത്തിവെച്ചതായി പതഞ്ജലി ആയുർവേദ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ഈ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി. ഇവയുടെ പരസ്യം പിൻവലിക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി അറിയിച്ചു.
പരസ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ നിർദേശം പാലിച്ചോ എന്ന് വ്യക്തമാക്കി രണ്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയായിരുന്നു ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിക്കെതിരെ നടപടിയെടുത്തത്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയ പതഞ്ജലിക്കെതിരേ വർഷങ്ങളോളം നടപടിയെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കാൻ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു.