ന്യൂഡല്‍ഹി : പാര്‍ലമെന്റ് അതിക്രമ സംഭവത്തില്‍ പ്രതികള്‍ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി പൊലീസ്.
സ്വയം തീകൊളുത്താനായിരുന്നു ഇവര്‍ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തല്‍. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാല്‍ ദേഹത്ത് പുരട്ടാൻ ഫയര്‍ പ്രൂഫ് ജെല്‍ കിട്ടാത്തതിനാല്‍ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പിന്നീടാണ് കളര്‍ സ്പ്രേ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പോലീസ് വെളിപ്പെടുത്തി. പാര്‍ലിമെന്റിന്റെ നടുത്തളത്തിലേക്ക് ചാടുന്നതിന് മുമ്പ് ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവത്രെ.
ഏഴ് കളര്‍സ്പ്രേ ബോട്ടിലുകളുമായാണ് പ്രതികള്‍ പാര്‍ലിമെന്റില്‍ എത്തിയതന്നും അന്വേഷണത്തില്‍ വ്യക്തമായി. കൃത്യം നടപ്പാക്കുന്നതിന് മുമ്പ് പ്രതികള്‍ ഗൂഗിളില്‍ പാര്‍ലിമെന്റ് പരിസരം വീക്ഷിച്ചിരുന്നു. പാര്‍ലിമെന്റിലെ സുരക്ഷാ പരിശോധനകളുടെ പഴ വീഡിയോകളും പ്രതികള്‍ കണ്ടിരുന്നു. എന്തെല്ലാം സുരക്ഷാപഴുതുകള്‍ ഉണ്ടെന്ന് കണ്ടെത്താനായിരന്നു ഈ നീക്കങ്ങളെല്ലാം.
പദ്ധതി പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാൻ സുരക്ഷിതായി ചാറ്റ് ചെയ്യുന്നതിനുള്ള വഴികളും ഇവര്‍ തേടിയിരുന്നു. ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്പായ സിഗ്നല്‍ വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. മാധ്യമശ്രദ്ധ നേടുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു. പാര്‍ലിമെന്റില്‍ അതിക്രമിച്ചു കയറുന്നതിന് മുമ്പ് തങ്ങളുടെ സന്ദേശം സര്‍ക്കാറിനെ അറിയിക്കാൻ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്നും പ്രതികള്‍ അന്വേഷിച്ചിരുന്നുവെന്നാണ് വിവരം.
പ്രതികള്‍ക്ക് പാര്‍ലിമെന്റില്‍ പ്രവേശിക്കാൻ പാസ് നല്‍കിയ ബി ജെ പിയുടെ മൈസൂര്‍ എം.പി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.