ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പഴുതടച്ച സുരക്ഷാസംവിധാനമുണ്ടെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞു.
പാര്‍ലമെന്റിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍മാരെ സസ്പെൻ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുളളവവും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.
അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി. പ്രധാനകവാടമായ “മകർ ദ്വാര്‍’ വഴിയുള്ള പ്രവേശനം എംപിമാര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.
പ്രധാനകവാടത്തിന് സമീപത്തേയ്ക്ക് എത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്കി. നിലവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി പാര്‍ലമെന്റ് വളപ്പില്‍ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ട്.
പാര്‍ലമെന്റിന് 200 മീറ്റര്‍ അകലെവച്ച് വാഹനങ്ങള്‍ തടഞ്ഞ് പോലീസ് പരിശോധന കര്‍ശനമാക്കി. പാര്‍ലമെന്റ് വളപ്പിലെ സുരക്ഷാജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം പാര്‍ലമെന്റിനുള്ളില്‍ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
കേസന്വേഷണം പൂർണമായി ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന് കൈമാറും. കേസ് കേന്ദ്ര ഏജൻസിക്ക് വിടണോ എന്ന കാര്യത്തിൽ പിന്നീടായിരിക്കും തീരുമാനം.
പാര്‍ലമെന്റിനുള്ളിൽ പ്രതിഷേധിച്ച സാഗർ ശർമ, മൈസൂർ സ്വദേശിയും എൻജിനിയറിംഗ് വിദ്യാർഥിയുമായ മനോരഞ്ജൻ, പാര്‍ലമെന്റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോൽ ഷിൻഡെ, നീലം എന്നിവരെ ബുധനാഴ്ച സംഭവസ്ഥലത്തുവച്ചു തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝാ, ഗുഡ്ഗാവ് സ്വദേശി വിക്കി ശർമ എന്നിവരെയും പോലീസ് പിന്നീട് പിടികൂടിയിരുന്നു. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പോലീസ് അറിയിച്ചു. പ്രതികൾ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്.